
മട്ടാഞ്ചേരി: സഹപാഠികളുടെയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും പ്രാർത്ഥന വിഫലമാക്കി മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി സഹദ് ഇബ്നു (13) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇരു വൃക്കകളും തകരാറിലായതിനാൽ ആഴ്ചയിൽ നാല് ദിവസം ഡയാലിസിസിന് വിധേയനായിരുന്ന സഹദിന്റെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നതിനിടെയാണ് ആകസ്മിക വേർപാട്. മട്ടാഞ്ചേരി പുതിയപറമ്പ് ഷുക്കൂർ - സീനത്ത് ദമ്പതികളുടെ മകനാണ്.
തിങ്കളാഴ്ച പരീക്ഷ എഴുതി വീട്ടിലേക്ക് മടങ്ങിയ സഹദ് രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിലായിരുന്ന സഹദ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. കൊവിഡ് കാലത്ത് ആശുപത്രിയിൽ ഡയാലിസിസിന് വിധേയനാകുന്ന സമയത്തും ഓൺലൈൻ ക്ളാസുകളിൽ പങ്കെടുത്തിരുന്നു. രാവിലെ മുതൽ മൃതദേഹം പൊതുദർശനത്തിന് വച്ച മട്ടാഞ്ചേരി അൽ അമീൻ ഹാളിൽ അദ്ധ്യാപകരുടെയും സഹപാഠികളുടെയും തിരക്കായിരുന്നു. പതിനൊന്ന് മണിയോടെ കബറടക്കം നടത്തി.