വൈപ്പിൻ: സുനാമി മുന്നൊരുക്ക പരിശീലനത്തിന്റെ ഭാഗമായി എടവനക്കാട് അണിയിൽ ബീച്ചിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ബീച്ചിൽ സുനാമി മുന്നറിയിപ്പുമായി പൊലീസ് വാഹനം എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. പിന്നാലെ ഫയർ ഫോഴ്‌സ് വാഹനവും ആംബുലൻസുകളും സിവിൽ ഡിഫെൻസ് അംഗങ്ങളും കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉൾപ്പെടെ ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം വൈകാതെ രക്ഷാ പ്രവർത്തനം ആരംഭിച്ചു. വീടുകളിൽ നിന്ന് ജനങ്ങളെ ആംബുലൻസുകളിൽ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റി.
ആദ്യം ജനങ്ങൾ പരിഭ്രമിച്ചെങ്കിലും സുനാമി മുൻകരുതലിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിട്ടി സംഘടിപ്പിച്ച മോക്ക് ഡ്രിൽ ആണെന്നറിഞ്ഞപ്പോൾ ആശ്വാസമായി. സുനാമി ദുരന്തം വിതച്ചതിന്റെ 18-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, ഇന്ത്യൻ സമുദ്ര വിവര കേന്ദ്രം (ഇൻകോയിസ് ) എന്നിവർ സംയുക്തമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.

മോക്ക് ഡ്രില്ലിന് ശേഷം നടന്ന പരിശീലന പരിപാടി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഡോ. രേണു രാജ്, എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, വാർഡ് അംഗം സാജു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം. ബി. ഷൈനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദമോൾ, കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, ഇന്റർ ഏജൻസി ഗ്രൂപ്പ് കൺവീനർ ടി.ആർ. ദേവൻ, ഫയർ ആൻഡ് റെസ്‌ക്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഹസാർഡ് അനലിസ്റ്റ് ഡോ. ആൽഫ്രഡ് ജോണി തീരദേശ ദുരന്തങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു.