
വൈപ്പിൻ: കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരുന്ന ഏകദേശം 15 കോടിരൂപ വില മതിക്കുന്ന 12 വലിയ മത്സ്യബന്ധന ഇൻ ബോർഡ് വള്ളങ്ങൾ കെട്ടുപൊട്ടി കൂട്ടമായി കടലിലേക്ക് ഒഴുകി. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ നിന്ന് സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയതോടെ പ്രതിസന്ധിയും നഷ്‌ടങ്ങളും ഒഴിവായി. ആളപായവുമില്ല.
റോ-റോയുടെ പ്രവർത്തനം തടഞ്ഞത് അപകടവും ഒഴിവാക്കി. 'പ്രത്യാശ" മറൈൻ ആംബുലൻസ് കെട്ടി വലിച്ച് ദിശ മാറ്റിയതിനാൽ വൈപ്പിൻ തീരത്തെ പതിനൊന്നോളം ചീനവലകളിലേക്ക് ബോട്ടുകൾ അടുക്കാതെ രക്ഷപ്പെട്ടു. ആളപായം ഇല്ലാതെ നാശ നഷ്ടങ്ങൾ ഒന്നും ഇല്ലാതെ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു.
പിന്നീട് സ്രാങ്കുമാരെത്തി ബോട്ടുകൾ ഓടിച്ച് ഹാർബറിലേക്ക് കൊണ്ടുപോയി. ഒരു ബോട്ടിന് ഏകദേശം ഒന്നേകാൽ കോടി രൂപ വിലവരും. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ അനീഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഹെഡ് ഗാർഡ് രാഗേഷ്, മറൈൻ ആംബുലൻസ് ക്യാപ്റ്റൻ ജോർജ്ജ്, ചീഫ് എൻജിനിയർ സ്റ്റാൻലി, ഫോർമാൻ മധു, നഴ്‌സിംഗ് സ്റ്റാഫ് പ്രിൻസ് മോൻ, സീ ഗാർഡുമാരായ ഗോപാലകൃഷ്ണൻ, ഷെല്ലൻ, ജസ്റ്റിൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.