
തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ വ്യക്തിഗത ആനുകൂല്യത്തിന്റെ അപേക്ഷ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധവുമായി കൗൺസിലർമാർ രംഗത്ത്. കാക്കനാട് ഹെൽത്ത് സെന്റർ വാർഡിലെ വീട്ടമ്മയാണ് ഇന്നലെ അപേക്ഷയുമായി നഗരസഭയിലെ ജി 4 വിഭാഗത്തിലെത്തിയത്.
വാർഡ് കൗൺസിലറുടെ കത്ത് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജി 4 വിഭാഗത്തിലെ ക്ലാർക്കായ സീനുലാൽ വാർഡ് കൗൺസിലറായ പി.സി. മനൂപിനെ വിളിക്കുകയായിരുന്നു. എന്നാൽ അപേക്ഷ പരിഗണിക്കുന്നതിന് വാർഡ് കൗൺസിലറുടെ കത്ത് ആവശ്യമില്ലെന്നും നിർബന്ധമാണെങ്കിൽ ഉച്ചയ്ക്ക് നഗരസഭയിൽ വരുമ്പോൾ തരാമെന്നും അപേക്ഷ സ്വീകരിക്കാനും നിർദേശം നൽകി. അപേക്ഷ സ്വീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥൻ നിലപാടെടുത്തു.
അപേക്ഷ കൗൺസിലറുടെ ലെറ്റർ ബോക്സിൽ നിക്ഷേപിക്കുമെന്ന് അറിയിച്ചു. അപേക്ഷയുമായി വന്ന വീട്ടമ്മ ഉൾപ്പടെ മൂന്നോളം പേരുടെ അപേക്ഷ സ്വീകരിച്ചില്ല. കൗൺസിലർമാരായ പി.സി മനൂപ്, ജിജോചങ്ങംതറ എന്നിവർ ഉദ്യോഗസ്ഥന്റെ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തി.
അപേക്ഷ സ്വീകരിക്കണമെന്ന് കൗൺസിലർമാർ ഉറച്ച നിലപാട് സ്വീകരിച്ചതോടെ വാക്കേറ്റമായി. വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, കൗൺസിലർ ജോസ് കളത്തിൽ എന്നിവർ ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിച്ചു. വ്യക്തിഗത ആനുകുല്യത്തിനായി വരുന്ന അപേക്ഷകൾ മുഴുവൻ വാങ്ങണമെന്ന് വൈസ് ചെയർമാൻ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.