kerala

കൊച്ചി: ശബരിമലയിലെത്തുന്ന ഭക്തർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കണമെന്നും മണിക്കൂറിൽ 4,800 പേർ പതിനെട്ടാം പടി കയറുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. പമ്പാ ത്രിവേണിയിൽ നിലവിലുള്ള എട്ട് ടിക്കറ്റ് കൗണ്ടറുകൾക്കു പുറമേ രണ്ടു കൗണ്ടറുകൾ കൂടി തുറന്നിട്ടുണ്ടെന്നും മതിയായ സ്ഥലം ലഭിച്ചാൽ 15 കൗണ്ടറുകൾ കൂടി തുറക്കാനാവുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. പമ്പയിൽ ബസ് കയറാനെത്തുന്ന ഭക്തരുടെ തിരക്കു നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചെന്നും വ്യക്തമാക്കി. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.