കൊച്ചി: ഇടപ്പള്ളി അഞ്ചുമന ദേവിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 23 മുതൽ 27 വരെ നടക്കും. നാളെ വൈകിട്ട് 7.30ന് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് കൊടിയേറ്റുകർമ്മം നിർവഹിക്കും. 25ന് അന്നപുർണേശ്വരീദേവിയുടേയും 26 ന് ഭദ്രകാളിദേവിയുടേയും
27ന് ഭുവനേശ്വരി ദേവിയുടെയും താലപ്പൊലി. ചൊവ്വാഴ്ച വൈകിട്ട് നാലിന് പാടിവട്ടം പൊക്കാളം ശിവപാർവ്വതി ക്ഷേത്രത്തിൽ നിന്ന്
പകൽപ്പൂരമെഴുന്നെള്ളിപ്പ് . വാദ്യകുലപതി പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും ഉദയനാപുരം ഹരികൃഷ്ണൻ
മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും കലാപീഠം ആർ.എൽ.വി പ്രവീണിന്റെ നാദസ്വരവും പകൽപ്പൂരത്തിന് അകമ്പടിയാവും.
താലപ്പൊലി ദിവസങ്ങളിൽ രാത്രി 12ന് ഭഗവതിപ്പാട്ടും കളമെഴുതിപ്പാട്ടും പുലർച്ചെ 3ന് താലപ്പൊലി എഴുന്നെള്ളിപ്പും നടക്കും.
കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, തിരുവാതിര, ത്രിവേണി സ്കൂൾ ഒഫ് ഡാൻസിന്റെ
നൃത്തനൃത്ത്യങ്ങൾ, കൊച്ചിൻ സൗപർണ്ണികയുടെ ഭക്തി ഗാനമേള, നാട്യതീര സ്‌കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, തായമ്പക,
കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം "കടലാസിലെ ആന" , ശ്രീഭദ്ര വൈക്കം അവതരിപ്പിക്കുന്ന കാസർകോട് കൈകൊട്ടിക്കളി, തായമ്പക, നൃത്തനൃത്ത്യങ്ങൾ, ഗാനമേള, ഓട്ടൻതുള്ളൽ, ശാസ്താംപാട്ട്, നാടൻപാട്ട് തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും.
താലപ്പൊലിയോടനുബന്ധിച്ച് കഴിഞ്ഞ 17 ന് ക്ഷേത്രത്തിൽ നിന്ന് വിവിധ പ്രദേശങ്ങളിലെ പറയെടുപ്പിനായി പുറപ്പെട്ട പറയെഴുന്നെള്ളിപ്പ് ഇന്നലെ രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തി. ഇന്നുരാവിലെ ആറു മുതൽ നാളെ രാവിലെ ആറു വരെ തുടരുന്ന അഖണ്ഡ നാമജപത്തോടെ താലപ്പൊലിയോടനുബന്ധിച്ചുള്ള ക്ഷേത്രചടങ്ങുകൾ ആരംഭിക്കും.