
കുറുപ്പംപടി : പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മഴ കുറഞ്ഞ സാഹചര്യത്തിൽ പെരിയാർ വാലി കനാലിലൂടെ ജലസേചനം ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്ച ജല വിതരണത്തിന്റെ ട്രയൽ റൺ നടത്തി.
ജല വിതരണം എത്രയും വേഗത്തിൽ ആരംഭിച്ച് കർഷകരുടെയും ജനങ്ങളുടെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പെരിയാർ വാലി എക്സിക്യുട്ടീവ് എൻജിനിയറോട് ആവശ്യപ്പെട്ടു.
കാലാവർഷം അവസാനിച്ചതോടെ ജല ലഭ്യത കുറഞ്ഞത് മൂലം വരൾച്ച ശക്തമായി. പെരിയാർവാലി കനാലിലൂടെയുള്ള ജല ലഭ്യത അനുസരിച്ചു കൃഷി ചെയ്യുന്ന കർഷകർ ബുദ്ധിമുട്ടുകയാണ്. കനാൽ വെള്ളത്തിന്റെ അപര്യാപ്തത മൂലം ജല അതോറിട്ടിയുടെ പമ്പിംഗ് സ്റ്റേഷനിൽ ജലവിതരണം ഭാഗികമായി തടസപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
കാലവർഷം ശക്തമായപ്പോൾ പല ഇടങ്ങളിലും കനാലിന്റെ വശങ്ങൾ ഇടിഞ്ഞിരുന്നു. പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കനാലിന്റെ ശുചീകരണ ജോലികൾ ഭൂരിഭാഗവും ഇതിനോടകം പൂർത്തിയായി. തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
കനാലുകളുടെ വശങ്ങൾക്കുള്ളിൽ നിൽക്കുന്ന വലിയ പാഴ് മരങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട് ഇവ അടിയന്തരമായി വെട്ടി നീക്കേണ്ടതാണ്. തൊഴിലുറപ്പ് തൊഴിലാളികൾ ഇത്തരം വലിയ മരങ്ങൾ നീക്കം ചെയ്യുക എന്നത് അസാധ്യമാണ്.