
കൊച്ചി: രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ക്രിസ്മസ് ആഘോഷ വേളയിൽ ജില്ലയിലെ കേക്ക് വിപണി പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. ഡിസംബർ രണ്ടാം വാരം മുതൽ ജനുവരി മൂന്ന് വരെ സജീവമായ കേക്ക് വിപണിയിൽ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. പ്ലം കേക്കുകളാണ് ക്രിസ്മസ് വേളയിലെ താരം.
പലതുണ്ട്,
പല വിലയിൽ...
പ്ലം കേക്കുകളുടെ വസന്തകാലമായ ക്രിസ്മസിന് ഇക്കുറി പല തരത്തിലുള്ള പ്ലം കേക്കുകളാണ് വിപണിയിലുള്ളത്. സാധാരണ പ്ലം, പ്ലം സുപ്രീം, പഴങ്ങളുടെ ഫ്ളേവർ അധികമുള്ള റിച്ച് പ്ലം, പ്ലം ടിൻ, മോക്ക പ്ലം അങ്ങനെ നീളും വെറൈറ്റികൾ. 450 മുതൽ 1300 രൂപ വരെയാണ് പ്ലം കേക്കുകളുടെ കിലോ വില.
ഒക്ടോബറിൽ മിക്സിംഗ് തുടങ്ങുന്നതിനാൽ ക്രിസ്മസ് കാലത്ത് കേക്കിന് ക്ഷാമം ഉണ്ടാവില്ലെന്നും ഒരു വർഷത്തെ കേക്ക് വില്പനയുടെ പകുതിയും നടക്കുന്നത് ഡിസംബർ 22 മുതൽ ജനുവരി മൂന്ന് വരെയുള്ള സമയത്താണെന്നും ബേക്കറി ഉടമകൾ പറയുന്നു.
രണ്ടു ദിവസത്തിനകം പ്ലം കേക്കിന്റെ വില്പന സാധാരണ നിലയിലേക്ക് എത്തുമെങ്കിലും പുതുവത്സര ആഘോഷങ്ങൾക്കുള്ള ക്രീം കേക്ക് വില്പന അപ്പോഴേക്കും സജീവമായിട്ടുണ്ടാകും.
100 മുതൽ 5000 വരെ
ഒന്നിച്ചു വാങ്ങുന്നവർ
ക്രിസ്മസ് കാലത്ത് 100 മുതൽ 5,000വരെ കേക്കുകൾ ഒന്നിച്ചു വാങ്ങുന്ന കമ്പനികൾ ഉണ്ട്. ഇങ്ങനെയുള്ള കമ്പനികൾ വളരെ നേരത്തെ തന്നെ ഓർഡർ നൽകും. അതനുസരിച്ച് നിർമ്മാണം ആരംഭിക്കും. വിലയിലും വിത്യാസമുണ്ടാകും.
കടൽ കടന്നും
കേരളത്തിൽ നിന്നുള്ള പ്ലം കേക്കുകൾ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കേരളത്തേക്കാൾ വലിയ കേക്ക് വിപണികളുണ്ടെങ്കിലും കേക്കുകളിൽ വ്യത്യാസമുണ്ട്. വിദേശത്ത് താമസിക്കുന്ന മലയാളികളെ ഉന്നം വച്ചാണ് കയറ്റുമതിയത്രയും.
ഫുട്‌ബാളും തുണച്ചു
ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം ഫുട്‌ബാൾ ലോകകപ്പും വ്യാപാരികൾക്ക് നേരിയ തോതിൽ കച്ചവട വർദ്ധന നൽകി. ഒരോ ടീമിന്റെ വിജയ സമയത്തും ആരാധകർ കേക്കുകൾ ഓർഡർ ചെയ്യുന്നുണ്ടായിരുന്നു. അർജന്റീനയുടെ കിരീട നേട്ടത്തിനു പിന്നാലെ പെന്റാ മേനകയിലെ ആരാധകർ 30 കിലോയുടെ വലിയ കേക്കാണ് മുറിച്ചത്.
കൊവിഡിനു ശേഷമുള്ള കേക്ക് വിപണി സജീവമാണ്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കും
വിജേഷ് വിശ്വനാഥൻ
പ്രസിഡന്റ്
ബേക്കേഴ്‌സ് അസോസിയേഷൻ കേരള