തൃപ്പൂണിത്തുറ: മുനിസിപ്പൽ സെക്രട്ടറിക്ക് പിന്നാലെ മുനിസിപ്പൽ എൻജിനയറേയും സ്ഥലംമാറ്റിയതോടെ തൃപ്പൂണിത്തുറ നഗരസഭയിലെ വികസന പദ്ധതികൾ അവതാളത്തിലേക്ക്. പദ്ധതി നിർവ്വഹണ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം 2022-23 ലെ നിരവധി വികസന പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയുയർത്തിക്കഴിഞ്ഞു.
ഒരു വർഷം മുമ്പ് സ്ഥാനമേറ്റ, 300 ൽ പരം പ്രോജക്ടുകൾ നടപ്പാക്കേണ്ട മുനിസിപ്പൽ എൻജിനിയറെയാണ് പദ്ധതി നിർവഹണത്തിന്റെ അവസാന ലാപ്പിൽ സ്ഥലംമാറ്റിയത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സർക്കാരിന്റെ സാമ്പത്തിക പരാധീനത മറയ്ക്കാനെന്ന് പ്രതിപക്ഷം ആരോപിച്ചു. ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ സൗകര്യപൂർവ്വം ഒഴിവാക്കിയതാണെന്നും നടപ്പ് പദ്ധതി വിഹിതത്തിന്റെ 20% നിർവഹണമേ ഇതുവരെ നടന്നിട്ടുള്ളൂവെന്നും ആരോപണമുണ്ട്.
റോഡ് വികസനത്തിന് വാർഡുകൾക്ക് അനുവദിച്ച 15 ലക്ഷത്തിന് പുറമേ ഏറ്റവും താറുമാറായി കിടക്കുന്ന പൊതു റോഡുകൾ നന്നാക്കാനും (ഉദാഹരണം പള്ളിപ്പാനം കനാൽ റോഡ്) മോശമായവ പുനർ നിർമ്മിക്കുന്നതിന് മുൻഗണന നിശ്ചയിച്ച് പട്ടിക തയ്യാറാക്കുന്നതിനും വർക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. 27 റോഡുകൾക്ക് പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച് ടെൻഡർ നോട്ടിഫിക്കേഷൻ നടപടികളിലാണ്. ഇതിനിടെയാണ് മുനിസിപ്പൽ എൻജിനിയറെ സ്ഥലംമാറ്റിയത്.
പുതിയ എൻജിനിയർ വന്ന് കാര്യങ്ങൾ പഠിച്ചുവരുമ്പോൾ പദ്ധതികൾ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കേണ്ടിവരും. ഇങ്ങനെ സ്പിൽ ഓവറായ പദ്ധതികൾക്ക് ഈ വർഷം ഫണ്ട് കണ്ടത്തേണ്ടതില്ല. അടുത്തവർഷത്തെ ബഡ്ജറ്റ് സ്പിൽ ഓവർ പദ്ധതികൾ കൊണ്ട് നിറയുകയും ചെയ്യും.
മുനിസിപ്പൽ എൻജിനിയർ കൈകാര്യം ചെയ്യുന്ന വലിയ പദ്ധതിയായ മാലിന്യ സംസ്കരണവും അവതാളത്തിലാകുമെന്നറിയുന്നു. നഗരസഭ ഓഫീസ് ഐ.എസ്.ഒ 2000 നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി സെക്രട്ടറി ഇല്ലാത്തതോടെ നാഥനില്ലാതെയായി. പാതിവഴിയിലെത്തിയ പദ്ധതി ഈ വർഷം പൂർത്തീകരിച്ചില്ലെങ്കിൽ ലാപ്സാകുമെന്ന് ആശങ്കയുണ്ട്.
49 അംഗ നഗരസഭാ കൗൺസിലിൽ വെറും 23 അംഗങ്ങളുടെ പിൻബലമുള്ള ഭരണസമിതി ന്യൂനപക്ഷമാണ്. ഭൂരിപക്ഷം ഇല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾ പൊതുവേ മന്ദഗതിയിലാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് സമർത്ഥരായ രണ്ട് ഉദ്യോഗസ്ഥരെ ഒഴിവാക്കിയത്.
"വികസന പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ മുന്നോട്ടുപോകും. എം.ഇ.യുടെ ട്രാൻസ്ഫർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുകൊടുത്തിട്ടുണ്ട്."
രമ സന്തോഷ്, ചെയർപേഴ്സൺ, തൃപ്പൂണിത്തുറ നഗരസഭ