t

കുറുപ്പംപടി : ആദിവാസി വിഭാഗങ്ങളിൽ നിന്ന് വനം- വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സ്പെഷൽ റിക്രൂട്ട്മെന്റ് വഴി നിയമിക്കുന്നതിന് പി.എസ്.സി നടത്തുന്ന ഇന്റർവ്യൂവിന് യോഗ്യത നേടിയവർക്ക് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റർവ്യൂ പരിശീലനവും മോക് ഇന്റർവ്യൂവും നടത്തി.

എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയ്ക്ക് ആവശ്യമായ സൗജന്യ പരിശീലനം അസോസിയേഷന്റെ നേതൃത്വത്തിൽ നൽകിയതിന്റെ തുടർച്ചയായാണ് ഇന്റർവ്യൂ പരിശീലനം ഒരുക്കിയത്.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. കെ.എഫ്.എസ്.എ ജില്ലാ പ്രസിഡന്റ് അരുൺ കുമാർ സി. അദ്ധ്യക്ഷത വഹിച്ചു. ഇന്റർവ്യൂ യോഗ്യത നേടിയ ആദിവാസി വിഭാഗത്തിൽപ്പെട്ട 55 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ മുഹമ്മദ് റാഫി നേതൃത്വം നൽകി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം ജോഷി, കെ.എഫ്.എസ്.എ ജില്ലാ സെക്രട്ടറി ദിൽഷാദ് എം., മറ്റ് ഭാരവാഹികളായ സിജു സി.ടി., പ്രശാന്ത് ജി. കൃഷ്ണൻ , അരുൺ ജ്യോതി കെ.വി., അർഷ പി. ആന്റണി, അമൽരാജ് വി.ടി. എന്നിവർ സംസാരിച്ചു .