കൊച്ചി: വിശാലകൊച്ചി വികസന അതോറിറ്റിയിൽ (ജി.സി.ഡി.എ) നിന്ന് വർഷങ്ങൾക്കുമുമ്പ് ഭൂമി വാങ്ങിയവർ ഇപ്പോൾ അധികത്തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ഭൂവുമടമകൾക്ക് ജി.സി.ഡി.എ നൽകുന്ന ഇത്തരം നോട്ടീസുകൾ 'തലയ്ക്കു മുകളിൽ തൂങ്ങുന്ന ഡെമോക്ളിസിന്റെ വാൾ ' ആണെന്ന് വിമർശിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വിധിപറഞ്ഞത്. സ്ഥലം തീറാധാരം നടത്തി വ്യക്തികൾക്ക് കൈമാറിക്കഴിഞ്ഞാൽ ജി.സി.ഡി.എ യ്ക്ക് പിന്നീടതിൽ അവകാശമില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

ജി.സി.ഡി.എയുടെ നോട്ടീസ് ചോദ്യംചെയ്ത് കലൂർ മാമംഗലം സ്വദേശി ജോർജ് ചുമ്മാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. തീറാധാരം രജിസ്റ്റർചെയ്ത സമയത്ത് ഇവർ കൂടുതൽ പണം നൽകാനുണ്ടായിരുന്നെന്ന വാദമാണ് ജി.സി.ഡി.എ ഉന്നയിച്ചത്. ഇത്തരമൊരു വാദം അത്ഭുതകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. പണം നൽകാനുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി കരാറിൽ വ്യവസ്ഥവയ്ക്കണം. അതില്ലാതെ നാലുപതിറ്റാണ്ടുവരെ കഴിഞ്ഞാണ് നോട്ടീസ് നൽകുന്നത്. വീടെന്നത് ഓരോ പൗരന്റെയും സ്വപ്നമാണ്. കുടിലായാലും കൊട്ടാരമായാലും നിർമ്മിക്കുന്നത് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണംകൊണ്ടാണ്. ഇങ്ങനെ വീടുവച്ചവർക്കാണ് അധികത്തുക ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നതെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.

æ അന്വേഷണം വേണം

ജി.സി.ഡി.എ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് അന്ന് ചുമതല ഉണ്ടായിരുന്ന ജി.സി.ഡി.എ ഉദ്യോഗസ്ഥർ എന്തെങ്കിലും കള്ളക്കളി നടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കേണ്ടത്. ഇതിനായി ഉത്തരവിന്റെ പകർപ്പ് തദ്ദേശഭരണവകുപ്പ് സെക്രട്ടറിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ ജി.സി.ഡി.എയ്ക്ക് നഷ്ടമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് റവന്യൂ റിക്കവറിയിലൂടെ ഈടാക്കണം. ഇതിനുമുമ്പ് ഉദ്യോഗസ്ഥരുടെ വാദം കേൾക്കണമെന്നും ഉത്തരവിൽ പറയുന്നു.