അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ ഭരണം കോൺഗ്രസിലെ ഗ്രൂപ്പ് വടംവലിയിലും പരസ്പരം പഴിചാരലിലും മാത്രം ഒതുങ്ങിയതോടെ നടപ്പു സാമ്പത്തിക വർഷ പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതായി ആരോപണം. 2023 - 24 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയതായി പ്രതിപക്ഷ ജനപ്രതിനിധികൾ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം ഐ ഗ്രൂപ്പിൽ നിന്ന് മേരി ദേവസിക്കുട്ടി പ്രസിഡന്റും എ ഗ്രൂപ്പിൽ നിന്ന് അഡ്വ.എം.ഒ.ജോർജ്ജ് വൈസ് പ്രസിഡന്റുമായാണ് ഭരണ സമിതി അധികാരമേറ്റത്. മുൻധാരണയനുസരിച്ച് പുതിയ പ്രിസിഡന്റിന്റെ തിരഞ്ഞെടുക്കുന്നതിലുള്ള ആശയക്കുഴപ്പം മൂലം പഞ്ചായത്ത് പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. പുതിയ പദ്ധതി നിർവഹണം ജനറൽ കമ്മിറ്റിയിൽ അവലോകനം ചെയ്യുന്നതിനോ നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ച് ചർച്ച ചെയ്യുന്നതിനോ നിലവിലുള്ള ഭാരവാഹികൾ തയ്യാറാകുന്നില്ല. കഴിഞ്ഞ ജില്ലാ തല അവലോകന യോഗത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പു പദ്ധതി നിർവഹണം വെറും 16 ശതമാനം മാത്രമാണ്. ഇതോടെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഇപ്പോൾ സംസ്ഥാന തലത്തിൽ 146 -ാം സ്ഥാനത്തും എറണാകുളം ജില്ലയിൽ 11-ാം സ്ഥാനത്തുമാണ്.
പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രഹസനമായതായി പ്രതിപക്ഷ ജനപ്രതിനിധികളായ സിജോ ചൊവരാൻ , കെ.വി. അഭിജിത്ത്, ആൻസി ജിജോ , സീലിയ വിന്നി എന്നിവർ പറഞ്ഞു.
ഇന്നലെ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ 20 ൽ താഴെ പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത് . മാത്രമല്ല, വർക്കിംഗ് ഗ്രൂപ്പ് തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ ചേരണം. അതിനു പോലും സാവകാശം നൽകാതെ ഇന്ന് വിളിച്ചിട്ടുള്ള അടിയന്തര യോഗം മാറ്റിവയ്ക്കണമെന്ന് ബി.ഡി.ഒ യോട് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
വിയോജിപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും മേലധികാരികൾക്കും പരാതി നൽകുമെന്നും അവർ പറഞ്ഞു.