കൊച്ചി: വൊക്കേഷണൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.ഇ) പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ജനുവരി 21ന് കളമശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന തൊഴിൽമേളയുടെ ലോഗോയും ക്യു.ആർ കോഡും കളക്ടർ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുമായി സഹകരിച്ചാണ് വി.എച്ച്.എസ്.ഇ മേള സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, പ്രോഗ്രാം കൺവീനർ ടി.വി. മുരളീധരൻ, ജോയിന്റ് കൺവീനർമാരായ കെ.എസ്. ബിജു, സമീർ സിദ്ദിഖ്, പി.കെ. രജിനി, സിജി മോൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.