
പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് 15-ാം വാർഡിലെ ഇരുൾ നിറഞ്ഞ ഒക്കൽതുരുത്തിൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന വെളിച്ചം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഒക്കൽ പഞ്ചായത്ത് നടപ്പിൽ വരുത്തിയ തുരുത്ത് വെളിച്ചം പദ്ധതിയുടെ ഭാഗമായി 23 പുതിയ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച് തുരുത്ത് പ്രകാശ പൂരിതമാക്കി. സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിളി നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ മിനി സാജന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സാബു മൂലൻ , വാർഡ് അംഗങ്ങളായ അമൃത സജിൻ , സോളി ബെന്നി, മാധവൻ, സനിൽ ഇ.എസ്,| കെ.എം.ഷിയാസ് , എൻ. ഒ.സൈജൻ മുൻ അംഗം അൻവർ മരക്കാർ തുരുത്ത് വികസന സമിതി അംഗം ഷെൻജു എന്നിവർ സംസാരിച്ചു.