പെരുമ്പാവൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മ കാരുണ്യത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ധന ശേഖരണാർത്ഥം നാളെ മുതൽ ജനുവരി 8 വരെ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫ്ളെഡ്‌ലൈറ്റ് ഫുട്ബാൾ ടൂർണമെന്റ് പാലക്കാട്ടുതാഴം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.

പൊതുസമ്മേളനം നാളെ വൈകിട്ട് 7ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘടനാ ചെയർമാൻ കെ.എസ്.എം. അബു അദ്ധ്യക്ഷത വഹിക്കും. ഡോ. ജോർജ് കുരിക്കൽ മുഖ്യാതിഥിയായിരിക്കും.

കേരള സ്റ്റേറ്റ് സെവൻസ് ഫുട്‌ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രജിസ്‌ട്രേഡ് ടൂർണമെന്റിൽ വിദേശ താരങ്ങളടക്കം 16 ടീമുകൾ പങ്കെടുക്കും. ദിവസവും രാത്രി 8ന് മത്സരം ആരംഭിക്കും. 138 അടി എൽ.ഇ.ഡി സ്‌ക്രീനും ഗാലറികളും ഫെഡ്‌ലൈറ്റും ഒരുക്കിയിട്ടുണ്ട്. ദിവസവും വിവിധ കലാ, കായിക പരിപാടികൾ ഉണ്ടാകും. വാർത്താസമ്മേളനത്തിൽ കെ.എസ്.എം. അബു, ജന. സെക്രട്ടറി പി.എസ് അബൂബക്കർ, പി.കെ സുനീർ, ഷാനി വല്ലം, പി.എച്ച് അമീർ എന്നിവർ പങ്കെടുത്തു.