പറവൂർ: ഏഴിക്കര പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള മത്സ്യ കർഷക സ്വാശ്രയ സഹായ സംഘം അംഗങ്ങളുടെ നേതൃത്വത്തിൽ "മത്സ്യ കാഴ്ച്ച 2022" ന് തുടക്കമായി. ചാത്തനാട് ഫിഷ് ലാൻഡ് സെന്ററിൽ നടൻ സിനോജ് വർഗീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ അദ്ധ്യക്ഷത വഹിച്ചു.
60 ഓളം കർഷകർ പുഴയിൽ തയ്യാറാക്കിയ പ്രത്യേകം കൂടുകളിൽ വളർത്തിയ മത്സ്യങ്ങൾ പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ജീവനോടെ പിടിച്ച് വൃത്തിയാക്കി ഉപഭോക്താക്കൾക്ക് നൽകും. പറവൂർ പൊലീസ് എസ്.എച്ച്.ഒ ഷോജോ വർഗീസ് ആദ്യ വില്പന നടത്തി. രുചിയേറും മത്സ്യ വിഭവങ്ങൾ, ചെമ്മീൻ, കപ്പ, പൊക്കാളിപ്പുട്ട് തുടങ്ങിയവ നാടൻ രുചിയിൽ ആസ്വദിക്കാനുള്ള ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.
ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെൻസി തോമസ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശിവാനന്ദൻ, ജാസ്മിൻ ബെന്നി, ഭരണ സമിതി അംഗം എം.പി. വിജയൻ, സെക്രട്ടറി വി.വി. സനിൽ എന്നിവർ സംസാരിച്ചു. ദിവസവും വൈകിട്ട് കലാപരിപാടികൾ നടക്കും. 24ന് സമാപിക്കും.