ആലുവ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കീഴ്മാട് മുടക്കാലിൽ ടിബിൻ അഗസ്റ്റ്യനെ (30) കീഴ്മാട് ഡോൺ ബോസ്കോയ്ക്ക് സമീപത്ത് നിന്ന് എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാറിൽ നിന്ന് 15.150 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
കാറിൽ പ്രത്യേക അറയിൽ മൂന്നു കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്കായി വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ടിബിൻ ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കീഴ്മാട് സ്വദേശിയായ മറ്റൊരാളെ കൂടി ഇയാൾക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാളുടെ പങ്ക് വിശദമായി അന്വേഷിക്കുകയാണെന്നാണ് സൂചന.
നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ഇൻസ്‌പെക്ടർ പി.ജെ. നോബിൾ, എസ്.ഐ കെ.കെ. ഷെബാബ്, എ.എസ്.ഐമാരായ അബ്ദുൾ ജമാൽ, അബ്ദുൾ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഐ.വി. ബിനീഷ്, സി.പി.ഒ അനീഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.