
കാലടി : മലയാറ്റൂർ നക്ഷത്രത്തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ പൂർത്തിയായി. 25 മുതൽ ജനുവരി ഒന്നു വരെയാണ് മെഗാ കാർണിവൽ. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തും ജനകീയ വികസന സമിതിയും ചേർന്നാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. 110 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് ചുറ്റുമായി പല വർണങ്ങളിലുള്ള 10022 നക്ഷത്രങ്ങൾ തെളിയിക്കുമെന്ന് കാർണിവൽ സംഘാടക സമിതി ചെയർമാൻ റോജി എം. ജോൺ എം. എ.ൽ എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫുഡ് കോർട്ട് ,അമ്യൂസ്മെന്റ് പാർക്ക്, 70 അടി ഉയരത്തിലുള്ള പപ്പാഞ്ഞി, ഡി.ജെ സംഗീതം എന്നിവയാണ് പ്രധാന പരിപാടികൾ.
25 ന് വൈകിട്ട് ആറിന് 500 കിലോഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് റോജി എം. ജോൺ എം. എൽ. എ കാർണിവൽ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് ആറ് മുതൽ 10.30 വരെ കലാസാംസ്കാരിക പരിപാടികൾ നടക്കും. 31 ന് രാത്രി 12 ന് ഡി. ജെ. സംഗീതത്തിന്റെ അകമ്പടിയോടെ ഭീമൻ പപ്പാഞ്ഞി കത്തിക്കുന്നതോടെ ഈ വർഷത്തെ കാർണിവലിന് സമാപനമാകും.
എല്ലാ ദിവസവും പ്രമുഖക്കാരായവരുടെ പ്രഭാഷണങ്ങളും പ്രൊഫഷണൽ കലാപരിപടികളും ഉണ്ടാകും. 2015 ലാണ് ആദ്യമായി നക്ഷത്രത്തടാകം മെഗാ കാർണിവൽ തുടങ്ങിയത്.