പറവൂർ: ചേന്ദമംഗലം പാലാതുരുത്ത് ഗുരുദേവ സംഘമിത്ര എം.എ.പി ഗോൾഡൻ അച്ചീവ്മെന്റ് സ്റ്രേറ്റ് അവാർഡുകൾ വിതരണം ചെയ്തു. സംഘമിത്ര സ്ഥാപക ചെയർമാൻ എം.എ. പുഷ്പാംഗദന്റെ സ്മരണാർത്ഥം കുടുംബത്തിന്റെ സഹകരണത്തോടെ ഗുരുദേവ സംഘമിത്ര ഏർപ്പെടുത്തിയതാണ് അവാർഡ്. ഗുരുദേവൻ വിഭാവനംചെയ്ത വിദ്യാഭ്യാസം, വ്യവസായം, കൃഷി എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ളവർക്കാണ് അവാർഡ് നൽകിയത്.
വിദ്യാഭ്യാസരംഗം ഗുരുശ്രേഷ്ഠ അവാർഡ് എറണാകുളം സെൻട്രൽ സബ് ഇൻസ്പെക്ടർ ആനി ശിവ, വ്യവസായരംഗം ഗുരുരത്ന അവാർഡ് പൊൻകതിർ മാനേജിംഗ് ഡയറക്ടർ ബിജോയ്, കാർഷികരംഗം ഗുരുമിത്ര അവാർഡ് പാലാതുരുത്ത് കൈപ്പിള്ളിയിൽ കെ.എൻ. ജോഷി എന്നിവർക്ക് സമ്മാനിച്ചു. സമ്മേളനം നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സംഘമിത്ര ചെയർമാൻ കെ.ജെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, മുൻ എം.പി. കെ.പി. ധനപാലൻ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, വാർഡ് മെമ്പർ റീജ ഡേവിഡ്, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, വൈസ് പ്രസിഡന്റ് എം.പി. അനിൽകുമാർ, പ്രോഗ്രാം ഡയറക്ടർ എം.ആർ. സുദർശനൻ, ട്രഷറർ എം.ആർ. സുനിൽ എന്നിവർ സംസാരിച്ചു.