
കൊച്ചി: വിദ്യാർത്ഥികളെ ഇരയും ഇടനിലക്കാരുമാക്കി ലക്ഷങ്ങൾ കൊയ്യുന്ന ലഹരി മാഫിയകളെ ഒതുക്കാൻ എക്സൈസ് പുത്തൻ പദ്ധതികൾ തയ്യാറാക്കുന്നു. വിശുദ്ധി ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നീക്കം.
പുതിയ പദ്ധതികൾ ഏതെന്നും ഇതിന്റെ രീതികൾ എങ്ങിനെ എന്നതും അതീവ രഹസ്യമാണ്. ബോധവത്കരണ പദ്ധതികൾ നടപ്പാക്കിയെങ്കിലും കുട്ടികളിൽ ലഹരി ഉപയോഗം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. കഞ്ചാവിന്റെയടക്കം ഒഴുക്ക് കുറഞ്ഞിട്ടും ലഹരിമരുന്നുകളുമായി പിടിയിലാകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടി. ഈ സാഹചര്യത്തിലാണ് എക്സൈസ് കച്ചകെട്ടിയിറങ്ങുന്നത്.
ജില്ലാ ഭരണകൂടവും രംഗത്തേക്ക്
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയിൽ സമ്പൂർണ പുകയില നിയന്ത്രണത്തിന് ലക്ഷ്യമിടുകയാണ് ജില്ലാ ഭരണകൂടം. വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ പുകയില നിയന്ത്രണത്തിനായി നോഡൽ ഓഫീസറെ നിയമിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. നോഡൽ ഓഫീസർക്ക് പ്രത്യേക പരിശീലനവും നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന അദ്ധ്യാപകൻ, വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവ് നിയമം അനുശാസിക്കുന്ന വിധം പുകയില വില്പനരഹിതമാക്കാനുള്ള കർശന നടപടിയെടുക്കണം. നിയമം പാലിക്കാത്ത സന്ദർഭങ്ങളുണ്ടായാൽ റിപ്പോർട്ട് ചെയ്യേണ്ടതും സ്കൂൾ പരിസരം പുകയില രഹിതമെന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാന അദ്ധ്യാപകന്റെ ഉത്തരവാദിത്തമാണ്. എല്ലാ മാസവും അവസാന വെള്ളിയാഴ്ച പുകയില നിയന്ത്രണ സമിതിയുടെ ഉന്നതതല യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനാണ് തീരുമാനമെന്നാണ് വിവരം.
ജില്ല, അബ്കാരി കേസുകളുടെ എണ്ണം, എൻ.ഡി.പി.എസ് കേസുകളുടെ എണ്ണം
(2022 ജനുവരി ഒന്ന് മുതൽ ഡിസംബർ അഞ്ച് വരെ)
• തിരുവനന്തപുരം- 1333, 439
•കൊല്ലം- 1513, 401
• പത്തനംതിട്ട- 1439, 286
•ആലപ്പുഴ- 1223, 438
• കോട്ടയം- 1323, 379
• ഇടുക്കി- 807, 506
• എറണാകുളം- 1081, 743
• തൃശൂർ- 1219, 573
• പാലക്കാട്- 1707, 342
• മലപ്പുറം- 1022, 329
• കോഴിക്കോട്- 1350, 259
• വയനാട്- 783, 326
• കണ്ണൂർ- 1469, 472
• കാസർഗോഡ്- 900, 98
• ആകെ- 17169, 5591