thumbichal
കുട്ടമശേരി ചാലക്കൽ തുമ്പിച്ചാൽ തടാകത്തിന് ചുറ്റും നക്ഷത്രം തെളിഞ്ഞപ്പോൾ

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ വിനോദ സഞ്ചാരകേന്ദ്രമായി മാറുന്ന കുട്ടമശേരി തുമ്പിച്ചാൽ തടാകത്തിന് നക്ഷത്രത്തിളക്കം. 10.5 ഏക്കറോളം വരുന്ന തടാകത്തിന് ചുറ്റും ഇരുന്നൂറോളം നക്ഷത്രങ്ങളാണ് നാട്ടുകാർ സ്ഥാപിച്ചിട്ടുള്ളത്. മലയാറ്റൂരിലെ നക്ഷത്രത്തടാകത്തിന് സമാനമായി തുമ്പിച്ചാലിനെയും മാറ്റുകയാണ് ലക്ഷ്യം.

പുതുവത്സരത്തോടനുബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് നിരവധി പരിപാടികളും തുമ്പിച്ചാൽ തീരത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ വൈകുന്നേരങ്ങളിലാണ് ഇവിടേക്ക് സഞ്ചാരികളെത്തുന്നത്. അമൃത സരോവറിൽ ഉൾപ്പെടുത്തി 11 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അന്തിമ അനുമതി ലഭിച്ചാൽ തുമ്പിച്ചാൽ തടാകം സഞ്ചാരികളുടെ കേന്ദ്രമായി മാറും. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് നാട്ടുകാർ നക്ഷത്രങ്ങൾ സ്ഥാപിച്ചത്.

സംരക്ഷിക്കാൻ ആളില്ലാതെ കാലങ്ങളോളം മാലിന്യം നിറഞ്ഞുകിടന്ന തടാകം അഞ്ച് വർഷം മുമ്പ് ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി നവീകരിച്ചതോടെയാണ് വീണ്ടും ജനങ്ങളെ ആകർഷിച്ച് തുടങ്ങിയത്. തുടർന്ന് തിരുനാവായയിലെ താമര ഹാജി എന്ന് വിളിക്കുന്ന മൊയ്തീൻ ഹാജിയുടെ നേതൃത്വത്തിൽ തുമ്പിച്ചാലിൽ താമര നിക്ഷേപിച്ചിരുന്നു.