 
കൊച്ചി: പുതിയ കെട്ടിടങ്ങളും ഡിജിറ്റൽ ഉപകരണങ്ങളുമായി സ്മാർട്ട് വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് ചേരാനെല്ലൂർ ഗവ. എൽ.പി സ്‌കൂളും. അഞ്ചു വർഷം മുൻപ് നാമമാത്ര വിദ്യാർത്ഥികൾ മാത്രമായി ചുരുങ്ങിയ സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്നത് ഇരുന്നൂറിൽ അധികം വിദ്യാർത്ഥികൾ. സർക്കാർ അനുവദിച്ച ഒരു കോടി രൂപ മുതൽ മുടക്കിൽ സ്‌കൂളിന് പുതിയ കെട്ടിടം നിർമിച്ചു. ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ഉപയോഗിച്ച് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. ചേരാനെല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിന് പുതിയ ചുറ്റുമതിലും നിർമിച്ചു. ഒന്നര കോടി രൂപയാണ് സ്‌കൂൾ വികസനത്തിനായി ആകെ ചെലവഴിച്ചത്. നവീകരിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയാണുള്ളത്.