കൊച്ചി: വൻതോതിൽ മയക്കുമരുന്ന് ഒഴുകുമെന്ന വിവരത്തെ തുടർന്ന് ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ്. ഡി.ജെ. പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയിൽ കരുതണം. പരിപാടിയിൽ ഭാഗമാകുന്നവരുടെ പേര് വിവരങ്ങൾ സംഘാടകർ പ്രത്യേകം സൂക്ഷിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോർട്ടുകൊച്ചിയിലുൾപ്പെടെ നടക്കുന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരും തിരിച്ചറിയൽ രേഖ കരുതണം. കേന്ദ്ര, സംസ്ഥാന ഏജൻസികൾ ഹോട്ടലുകളിലും ലോഡ്ജുകളിലും സംയുക്തപരിശോധന ആരംഭിച്ചിട്ടുണ്ട്.
ഹോട്ടലുകളിലെ ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.