kcf
കേരള കേബിൾ ടി വി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരപ്രഖ്യാപന കൺവൻഷൻ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കെ.എസ്.ഇ.ബിയുടെ കരിനിയമങ്ങൾക്കെതിരെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ കൂട്ടായ്മ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കേബിളുകൾ മുറിച്ചുനീക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ സംസ്ഥാനതല പ്രക്ഷോഭം ആരംഭിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

കേരള കേബിൾ ടി.വി. ഫെഡറേഷന്റെ (കെ.സി.എഫ്) നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് താങ്ങാനാകുന്ന വാടക മാത്രമേ ഈടാക്കാവൂ എന്നും കേബിളുകൾ മുറിച്ച് മാറ്റുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. കേബിൾ ഓപ്പറേറ്റർമാർക്ക് ക്ഷേമനിധി വേണമെന്ന ആവശ്യം ന്യായമാണെന്നും മുഖ്യമന്ത്രിയുടെയും തൊഴിൽ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.

കെ.സി.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എൻ. സഞ്ജിത്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ഷജിൽ കുമാർ, ഭൂമിക ഡിജിറ്റൽ മാനേജിംഗ് ഡയറക്ടർ ഇ. ജയദേവൻ, യുണൈറ്റഡ് ചേംബർ ഒഫ് മർച്ചന്റ്‌സ് സംസ്ഥാന സെക്രട്ടറി ജോളി ചക്കിയത്ത്, രാമകൃഷ്ണൻ, കെ.സി.എഫ് സംസ്ഥാന സെക്രട്ടറി മധു തുടങ്ങിയവർ സംസാരിച്ചു.