2,40,000 രൂപയുടെ പണി 40,000 രൂപയിൽ തീർന്നു

മൂവാറ്റുപുഴ: സർക്കാർ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ പേരിലുള്ള അഴിമതി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പിടികൂടി. 2,40,000 രൂപ പറഞ്ഞ അറ്റകുറ്റപ്പണി 40,000 രൂപയിൽ തീർന്നു.

രണ്ടു ലക്ഷം രൂപയാണ് ഒരു വാഹനത്തിൽ നിന്ന് മാത്രം സർക്കാരിന് ലാഭം. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ 2014 മോഡൽ മഹീന്ദ്ര സൈലോ കാർ കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിൽ 1,05,000 രൂപ മുടക്കി നന്നാക്കി ഒമ്പത് മാസം തികഞ്ഞപ്പോഴേക്കും അടുത്ത പണി വേണ്ടിവന്നു. ഇത്തവണ പെരുമ്പാവൂരിലെ അംഗീകൃത സ്വകാര്യ വർക് ഷോപ്പ് ആവശ്യപ്പെട്ടത് 2,40,000 രൂപ.

വിറ്റാൽ മൂന്നോ നാലോ ലക്ഷം രൂപ മാത്രം കിട്ടുന്ന വാഹനം നന്നാക്കാൻ വലിയ തുക വരുമെന്ന് അറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ അഴിമതി മണത്തതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ മന്ത്രി റോഷി അഗസ്റ്റിന് പരാതി നൽകി. തുടർന്ന് ചീഫ് മെക്കാനിക്കൽ എൻജിനിയർ സ്ഥലത്തെത്തി വാഹനം പരിശോധിച്ച് റിപ്പോർട്ട് നൽകിയപ്പോൾ എസ്റ്റിമേറ്റ് തുക പാടെ താഴ്ന്നു. പെരുമ്പാവൂരിലെ സ്വകാര്യ വർക് ഷോപ്പിൽ അഴിച്ചിട്ടിരുന്ന വാഹനംമൂവാറ്റുപുഴയിലെ അംഗീകൃത വർക് ഷോപ്പിൽ എത്തിച്ചപ്പോൾ 40,000 രൂപയ്ക്ക് പണി തീർത്തു.

ഉദ്യോഗസ്ഥർ വാഹന റിപ്പയറിംഗിൽ അഴിമതി നടത്തുകയും കമ്മിഷൻ വാങ്ങുകയും ചെയ്യുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ എസ്റ്റിമേറ്റ് തുക ആറിലൊന്നായി കുറയുന്നത് ആദ്യമായാണ്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങൾ നന്നാക്കുന്നതിനുള്ള ചുമതല ഉദ്യോഗസ്ഥർക്ക് പകരം ത്രിതല പഞ്ചായത്തുകളെ ഏൽപ്പിച്ചാൽ അറ്റകുറ്റപ്പണിയുടെ മറവിലുള്ള അഴിമതിക്ക് പരിഹാരമാകും

- ഡോ. ജോസ് അഗസ്റ്റിൻ