1
പരിക്കേറ്റ സജീവൻ ആശുപത്രിയിൽ

പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിന് സമീപത്തെ മീൻ തട്ട് കടയിൽ മത്സ്യം വാങ്ങാനെത്തിയയാളെ സ്കൂട്ടറിലെത്തിയ യുവാവ് സർജ്ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു. ചൊവ്വാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശാസ്താ ടെമ്പിൾ റോഡിന് സമീപം ചിറയിൽ വീട്ടിൽ സജീവ (55) നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ചോയ്സ് റോഡ് തങ്ങൾ നഗർ തേവച്ചേരി പറമ്പിൽ മുൻസീർ (30) അറസ്റ്റിലായി.

മുമ്പ് ഇവിടെയുണ്ടായ തർക്കവുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുമൊന്നിച്ച് സ്ക്കൂട്ടറിലെത്തിയ അക്രമി സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് സജീവന്റെ മുഖത്തും കഴുത്തിലും ആക്രമിക്കയായിരുന്നു. ചോരവാർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിച്ചു. സ്ക്കൂട്ടർ തിരിച്ചറിഞ്ഞതാണ് പ്രതിയെ പിടികൂടാൻ സഹായമായത്.

ഇൻസ്പെക്ടർ സുനിൽ തോമാസ്, സബ്ബ് ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.