മൂവാറ്റുപുഴ: ക്രിസ്മസ് വരവറിയിച്ച് രാവിനെ സംഗീത സാന്ദ്രമാക്കി കരോൾ സംഘങ്ങൾ. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി ചടങ്ങുകളിലൊതുങ്ങിയ ക്രിസ്മസ് ആഘോഷം പഴയ പൊലിമയിലേക്കെത്തിയതോടെ നാടെങ്ങും വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി നടക്കുന്നത്. പള്ളികൾ കേന്ദ്രീകരിച്ചും ക്വയർ ഗ്രൂപ്പുകളും പ്രൊഫഷണൽ ഗ്രൂപ്പുകളും ആഴ്ചകളായി പരിശീലനം പൂർത്തിയാക്കിയാണ് കരോൾ സംഘത്തെ ഒരുക്കിയിരിക്കുന്നത്.

കുട്ടികളും മുതിർന്നവരും ഒരേ പോലെ ആസ്വദിക്കുന്ന കരോൾ ക്രിസ്മസ് ആഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ്. സാന്താക്ളോസിന്റെ ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞ്... ക്രിസ്മസ് തൊപ്പിയണിഞ്ഞ്..മനോഹരമായ ഗാനങ്ങളുമായി കുട്ടികളും മുതിർന്നവരുമടങ്ങുന്ന കരോൾ സംഘം വീടുകളിൽ കയറിയിറങ്ങി ഗാനങ്ങൾ ആലപിക്കും. ഭവന സന്ദർശത്തിനുള്ള തയ്യാറെടുപ്പുകൾ കരോൾ സംഘവും അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ വീട്ടുകാരും ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. പത്ത് പേരടങ്ങുന്ന സംഘം മുതൽ 30 പേരുള്ള വലിയ കരോൾ ഗ്രൂപ്പുകൾ വരെയുണ്ട്. എല്ലാ വർഷവും പുതിയ ഈണത്തിർ കരോൾ ഗാനങ്ങൾ ഇറങ്ങാറുണ്ടങ്കിലും പഴയ മെലഡി കലർന്ന ക്രിസ്മസ് ഗാനങ്ങൾക്കാണ് ഇപ്പോഴും ആരാധകർ കൂടുതൽ.

ആഘോഷത്തിന്റെ വരവറിയിച്ച് ക്രിസ‌്മസ‌് വിപണിയും സജീവമായിട്ടുണ്ട്. വൈനും കേക്കും നക്ഷത്രങ്ങളും അലങ്കാരങ്ങളുമൊക്കെയാണ‌് പതിവുപോലെ വിപണിയിലെ താരങ്ങൾ.