കൊച്ചി: അങ്കമാലി ആഡംസ് ഷോപ്പിംഗ് കോംപ്ളക്‌സിലെ പാർക്കിംഗ് ഏരിയ നിയമവിരുദ്ധമായി കടകളാക്കി മാറ്റിയെന്ന ഹർജിയിൽ ഹൈക്കോടതി നഗരസഭയുടെ വിശദീകരണം തേടി. ഷോപ്പിംഗ് കോംപ്ള‌ക്സിൽ ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമ അങ്കമാലി സ്വദേശി വർഗ്ഗീസ് സെബാസ്റ്റ്യൻ നൽകിയ ഹർജി ജസ്റ്റിസ് എൻ. നഗരേഷാണ് പരിഗണിക്കുന്നത്. ഹർജി ജനുവരി 12 നു വീണ്ടും പരിഗണിക്കും. പാർക്കിംഗിന് മതിയായ സ്ഥലമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഷോപ്പിംഗ് കോംപ്ളക്സിലെ കടമുറികൾ തനിക്കു വിറ്റതെന്നും കടമുറികൾ വാങ്ങുന്ന സമയത്ത് സമുച്ചയത്തിന്റെ രൂപരേഖ അനുസരിച്ച് ബേസ്മെന്റ് മുഴുവൻ പാർക്കിംഗ് ഏരിയായിരുന്നെന്നും ഹർജിക്കാരൻ പറയുന്നു. പിന്നീട് ഈ മേഖല കടകളാക്കി മാറ്റിയെന്നും ഇവയ്ക്ക് നിയമവിരുദ്ധമായി നഗരസഭ നമ്പരിട്ടു നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. പാർക്കിംഗ് മേഖല പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിട്ട് നഗരസഭ നടപടിയെടുത്തില്ലെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.