തൃക്കാക്കര: നഗരസഭയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിക്കുന്നതിനായി നഗരസഭ കുടിവെള്ള ടാങ്കർ ലോറി വാങ്ങുവാൻ സ്റ്റിയറിംഗ് കമ്മി​റ്റി യോഗത്തിൽ തീരുമാനം. 5000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കർ ലോറിക്ക് ക്വട്ടേഷൻ സ്വീകരിക്കാനും നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

നഗരസഭാ പ്രദേശങ്ങളിൽ പ്രധാനമായും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടറോഡുകളിൽ 20 അടി നീളമുളള വാഹനം കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ 12 അടി നീളമുള്ള ടാങ്കർ ലോറി വാങ്ങാൻ തീരുമാനം. സർക്കാർ അംഗീകൃത ഓൺലൈൻ പോർട്ടലായ ജെമ്മിൽ 3500 ലിറ്റർ സംഭരണ ശേഷിയുള്ള 14 മുതൽ 20 അടി വരെ നീളമുള്ള വാഹനം മാത്രമേയുള്ളൂ. അതിനാൽ അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ വഴി വാഹനം വാങ്ങും. നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെളള ക്ഷാമം രൂക്ഷമാണ്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യമായി ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മുൻ വർഷങ്ങളിൽ ടാങ്കർ ലോറികൾക്ക് ഭീമമായ തുക വാടകയിനത്തിൽ നൽകേണ്ടിവന്നിരുന്നു.ഈ സാഹചര്യത്തിലാണ് സ്വന്തമായി ടാങ്കർ വാങ്ങാൻ തീരുമാനിച്ചത്.

കെന്നടിമുക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്ഥലം വാങ്ങുന്നതിനായി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫയൽ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരസഭാ മാർക്കറ്റ് അടിയന്തിരമായി തുറന്നുകൊടുക്കാനും തീരുമാനിച്ചു