കൊച്ചി: മാക്ടയും എ.ഇ.ഇ 1983യും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ഐ.വി. ശശി ചലച്ചിത്രോത്സവം മെഡിമിക്‌സ് ഉത്സവം 2022 ഇന്ന് എറണാകുളം സെൻട്രൽ സ്‌ക്വയർ മാളിലെ സിനിപോളിസ് തിയേറ്റർ കോംപ്ലക്‌സിൽ രാവിലെ 9ന് നടക്കും. നടി സീമ ശശി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഐ.വി. ശശി സംവിധാനം ചെയ്ത മികച്ച അഞ്ച് സിനിമകളുടെ പ്രദർശനം നടക്കും. മാളിലെ ഗ്രൗണ്ട് ഫ്ളോറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 11ന് ഐ.വി. ശശി ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറിൽ വിദ്യാധരൻ, ബേണി ഇഗ്‌നേഷ്യസ്, ഷിബു ചക്രവർത്തി, ബി.കെ. ഹരിനാരായണൻ എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് രണ്ടിന് ഐ.വി. ശശി ചിത്രങ്ങളുടെ സമകാലീന പ്രസക്തി എന്ന വിഷയത്തിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നടൻ രാമു, ചലച്ചിത്ര നിരൂപകൻ ഡോ. അജു കെ. നാരായണൻ, മാദ്ധ്യമ പ്രവർത്തകൻ മനീഷ് നാരായണൻ എന്നിവർ സംബന്ധിക്കുന്ന ഓപ്പൺഫോറവും നടക്കും.