കൊച്ചി: പള്ളുരുത്തി പൊലീസിനെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യം തീർക്കാൻ തട്ടിപ്പുകേസ് പ്രതിയെ തിരക്കി വീട്ടിൽ ചെന്ന് പൊതുപ്രവർത്തകനെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. പള്ളുരുത്തി പുല്ലാർദേശം തട്ടപറമ്പിൽ ടി.വി.സനൽ ബാബുവാണ് എൻ.ഐ.എയ്ക്കും ഗവർണർക്കും പരാതി നൽകിയത്.
കർണാടകത്തിലെ ഏതോ തട്ടിപ്പുകേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശി സനൽകുമാറിനെ തേടിയെത്തിയ കർണാടക പൊലീസിനെയും കൂട്ടിയാണ് പള്ളുരുത്തി പാെലീസ് സനൽബാബുവിന്റെ വീട്ടിലും അയൽപക്കത്തും ബുധനാഴ്ച രാവിലെ എത്തി അന്വേഷിച്ചത്. പള്ളുരുത്തി പൊലീസിന് തന്നെ വ്യക്തമായി അറിയാമെന്നും സമൂഹത്തിന് മുന്നിൽ തന്നെ നാണംകെടുത്തി പ്രതികാരം ചെയ്യാനുള്ള നീക്കമാണ് നടത്തിയതെന്നും സനൽ ബാബു പറഞ്ഞു. വീട്ടിൽ സൂക്ഷിച്ചിരുന്ന ചില സുപ്രധാന രേഖകൾ ഇതിന് ശേഷം കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ ഓഫീസ് ജീവനക്കാരനായ സനൽബാബു പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രമൈതാനം പിടിച്ചെടുക്കാൻ റവന്യൂ വകുപ്പും പള്ളുരുത്തി പൊലീസും ചേർന്ന് നടത്തിയ ശ്രമത്തിനെതിരെയും പോരാടുന്ന വ്യക്തിയാണ്. ഈ സംഭവത്തിലും അഴകിയകാവ് ക്ഷേത്രഭൂമി കൈയേറ്റപ്രശ്നത്തിലും പള്ളുരുത്തി പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാട്ടി പരാതികൾ നൽകിയിട്ടുണ്ട്. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലും ഒട്ടേറെ വിവരാവകാശ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
ജീവിതത്തിൽ ഇന്നുവരെ കർണാടകത്തിൽ പോകാത്ത, ഒരു ക്രിമിനൽ കേസിലും ഉൾപ്പെട്ടിട്ടില്ലാത്ത തന്റെ വീട്ടിലേക്ക് കർണാടക പൊലീസിനെ അയച്ച പള്ളുരുത്തി എസ്.എച്ച്.ഒ സുനിൽ തോമസ് ഉൾപ്പടെയുള്ള പൊലീസുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കർണാടകത്തിലെ കേസിലെ പ്രതിയുടെയും അമ്മമാരുടെ പേരിലെ സാമ്യം കണ്ടാണ് സനൽബാബുവിന്റെ വീട്ടിലെത്തിയതെന്ന് സിവിൽ പൊലീസ് ഓഫീസറായ അനിൽകുമാർ പറഞ്ഞു.