
കൊച്ചി: ഗുരുദേവ സത്സംഗം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശ്രീനാരായണ ധർമ്മപഠന ശിബിരത്തിന് ഇന്ന് തുടക്കമാകും. രാവിലെ 10ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പഠനശിബിരം ഉദ്ഘാടനം ചെയ്യും. ഗുരുദേവ സത്സംഗം പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.
2022 ദേശിയ ഗെയിംസിൽ വനിതാ റിലേയിൽ സ്വർണമെഡൽ നേടിയ വി.എസ്. ഭാവികയെ ചടങ്ങിൽ ആദരിക്കും. സത്സംഗം സെക്രട്ടറി സോമൻ ഗോപാലൻ സ്വാഗതവും കെ.പി. സുനിൽകുമാർ നന്ദിയും പറയും.
തുടർന്ന് ഗുരുവിന്റെ ജീവിതസന്ദേശം എന്ന വിഷയത്തിൽ ഡോ.എൻ. ഗോപാലകൃഷ്ണനും ഗുരുവിന്റെ മതമീമാംസ എന്ന വിഷയത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയും ഗുരുവിന്റെ ഇന്ത്യ എന്ന വിഷയത്തിൽ മുൻ എം.എൽ.എ കെ.എൻ.എ ഖാദറും പ്രഭാഷണം നടത്തും.
നാളെ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ.എം.എം. ബഷീർ, കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ചു വെള്ളായണി, ആർഷനാദം സബ് എഡിറ്റർ പി.കെ. ജയൻ എന്നിവർ പ്രഭാഷണം നടത്തും.
25ന് ചേന്ദമംഗലം പ്രതാപൻ, ഷൗക്കത്ത്, ഡോ.ഗീതാ സൂരാജ്, ജി. അമൃതരാജ് എന്നിവരും പ്രഭാഷണം നടത്തും. പഠനശിബിരത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് സത്സംഗം മന്ദിരത്തിൽനിന്ന് രാജരാജേശ്വരി ക്ഷേത്രാങ്കണത്തിലേക്ക് വിളംബരഘോഷയാത്രയും നടത്തി. ശിബിരം നടക്കുന്ന എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ 2 വരെ ഗുരുദേവകൃതികളുടെ പാരായണവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
'ജലജമന്തികൾ'
പ്രകാശനം നാളെ
കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ചു വെള്ളായണി രചിച്ച 'ജലജമന്തികൾ' എന്ന കവിതാസമാഹാരം പഠന ശിബിരി വേദിയിൽ നാളെ 1.30ന് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ പ്രകാശനം ചെയ്യും. ഡോ.എം.എം.ബഷീർ കോപ്പി ഏറ്റുവാങ്ങും. മഞ്ചു വെള്ളായണിയുടെ 25-ാമത്തെ പുസ്തകമായ 'ജലജമന്തികൾ' പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധനം.