കൊച്ചി: ദേശിയോദ്യാനങ്ങൾക്കും വന്യജീവിസങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല
മേഖല സംബന്ധിച്ച് സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ കരട് ഭൂപടത്തിലും ആശയക്കുഴപ്പം.
കഴിഞ്ഞ 12ന് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടവും ബുധനാഴ്ചത്തെ ഭൂപടവും തമ്മിൽ യാതൊരു ബന്ധവുമില്ല. 12ന് വനംവകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സംസ്ഥാനത്തെ 22 വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരുന്ന ബഫർസോൺ സർവേ നമ്പർ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനുള്ള കരടെന്ന പേരിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിലാകട്ടെ ജനവാസമേഖലയെ പൂർണമായും ഒഴിവാക്കി 'സീറോ' ബഫർസോണാണ് രേഖപ്പെടുത്തിയത്.
അതേസമയം, സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമ്മാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയാറാക്കിയ പ്രാഥമിക റിപ്പോർട്ടാണ് നേരത്തെ പ്രസിദ്ധീകരിച്ചതെന്നാണ് സർക്കാർ വാദം. അതിൽ വിട്ടുപോയ വിവരങ്ങൾ ജനുവരി 7നകം ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കൊച്ചി നഗരസഭയുടെ സിംഹ
ഭാഗവും ബഫർസോൺ
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 2.74 ഹെക്ടർ (0.0274 ചതുരശ്ര കിലോമീറ്റർ) മാത്രമുള്ള മംഗളവനം പക്ഷി സങ്കേതം ദേശിയോദ്യാനമാണ്. വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടം അനുസരിച്ച് ഇതിന്റെ പത്ത് ഇരട്ടിയിലേറെ, അതായത് കൊച്ചി നഗരസഭയുടെ സിംഹഭാഗവും ബഫർ സോണിൽപ്പെടും. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച കരട് ഭൂപടത്തിൽ നഗരപ്രദേശത്തെ കാര്യമായി സ്പർശിച്ചിട്ടില്ല. ഹൈക്കോടതിക്ക് സമീപം കാടുകയറികിടക്കുന്ന കുറേ പ്രദേശങ്ങൾ മാത്രമാണ് പുതിയ ഭൂപടത്തിലെ ബഫർസോൺ.
'' സർക്കാർ നടപടിയിൽ വ്യക്തതയില്ല. പുതിയ മാപ്പിൽ സീറോ ബഫർസോണായി രേഖപ്പെടുത്തിയത്, പ്രതിഷേധക്കാരെ തണുപ്പിക്കാനുള്ള നടപടിയാണോ എന്ന് സംശയമുണ്ട്".
-ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ
ചെയർമാൻ
ഹൈറേഞ്ച് സംരക്ഷണ സമിതി