
കൊച്ചി: അടിമുടി പരിഷ്കരിച്ച സന്തോഷ് ട്രോഫി 76ാം പതിപ്പിൽ കേരളത്തെ വി. മിഥുൻ നയിക്കും. കണ്ണൂർ സ്വദേശിയായ ഗോൾ കീപ്പറുടെ തുടർച്ചയായി എട്ടാം സന്തോഷ് ട്രോഫിയാണിത്. 2019ൽ കേരളത്തിന്റെ നായകനായിരുന്നു മിഥുൻ. 22 അംഗ ടീമിൽ 16 പേരും പുതുമുഖങ്ങളാണ്. ഒടുവിൽ കിരീടമുയർത്തിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ഐ.എസ്.എൽ, ഐ. ലീഗ് ടീമുകളിൽ ഇടംപിടിച്ചതോടെയാണ് യുവപ്രതിഭകളിലേക്ക് അവസരമെത്തിയത്. കൊല്ലാം സ്വദേശി പി.ബി രമേഷാണ് ബിനോ ജോർജിന്റെ പകരക്കാരൻ. എറണാകുളം മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ ടീം ക്യാപ്ടനെ പ്രഖ്യാപിച്ചു. രാംകോ സിമന്റ്സ് മാർക്കറ്റിംഗ് ജനറൽ മാനേജർ ഗോപകുമാറും സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഫിറോസ് മീരാനും മറ്റു താരങ്ങളെ അവതരിപ്പിച്ചു. പുതിയ ജഴ്സിയും ചടങ്ങിൽ പുറത്തിറക്കി.
 സോൺ മാറി ഗ്രൂപ്പായി
മേഖലകൾ തിരിച്ചുള്ള യോഗ്യതാ മത്സരങ്ങൾ ഒഴിവാക്കി, ആദ്യഘട്ടം ഗ്രൂപ്പ് അടിസ്ഥാനത്തിലാണ്. 32 ടീമുകൾ. ആറ് ഗ്രൂപ്പ്. ശക്തരായ മിസോറാമടക്കമുള്ള ഗ്രൂപ്പ് രണ്ടിലാണ് കേരളം രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീർ എന്നിവരാണ് മറ്റ് ടീമുകൾ. ഡിസംബർ 26 മുതൽ ജനുവരി എട്ട് വരെ കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡയത്തിലാണ് കേരളത്തിന്റെ മത്സരങ്ങൾ. സന്തോഷ് ട്രോഫി ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ ഇന്ന് ഡൽഹിയിൽ തുടങ്ങും.
ഗോൾകീപ്പർമാർ: വി. മിഥുൻ, വി.പി. അജ്മൽ,ടി.വി. അൽക്കേഷ് രാജ്
പ്രതിരോധനിര: മനോജ് എം, ഷിനു ആർ, ജെറിറ്റോ, ബെൽജിൻ ബോൽസ്റ്റൈർ,അമീൻ കെ, മുഹമ്മദ് സാലിം.സച്ചു സിബി, അഖിൽ ജെ ചന്ദ്രൻ
മദ്ധ്യനിര: എം.റാഷിദ് , റിസ്വാൻ അലി, നിജോ ഗിൽബെർട്ട്, പി.അജീഷ്, വൈശാഖ് മോഹനൻ, ഹൃഷിദത്ത്, ഗിഫ്റ്റി സി ഗ്രേഷ്യസ് കെ.കെ അബ്ദുൽ റഹീം
മുന്നേറ്റനിര: ജോൾ പോൾ, എം വിഗ്നേഷ്, നരേഷ് ബി
റിസർവ് താരങ്ങൾ: എസ്.ഹജ്മൽ , ഒ.എം ആസിഫ്, ശ്രീരാജ് കെ, അർജുൻ വി .
ഗ്രൂപ്പ് അടിസ്ഥാനത്തിൽ ശക്തമായ മത്സരം ഉറപ്പാണ്. വിജയത്തുടർച്ചയിൽ കുറഞ്ഞതൊന്നും ചിന്തയിലില്ല.
പി.ബി. രമേഷ്
മുഖ്യ പരീശീലകൻ