
ഹർജിക്കാർക്ക് കോടതിയുടെ അഭിനന്ദനം
കൊച്ചി: ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് രാത്രി 9.30നു ശേഷവും ഹോസ്റ്റലുകളിൽ നിന്ന് പുറത്തു പോകാൻ അനുമതി നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വാർഡന്റെ അനുമതിയോടെ പുറത്തു പോകാം. മറ്റു സാഹചര്യങ്ങളിൽ രക്ഷിതാവിന്റെ അനുമതി ഹാജരാക്കണം. രണ്ടാം വർഷം മുതലുള്ള മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ഇതു ബാധകമെന്നും സർക്കാർ അറിയിച്ചു.
തുടർന്ന്, രാത്രി ഒമ്പതരയ്ക്കു ശേഷവും ഹോസ്റ്റലിലേക്ക് പ്രവേശിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ 12ന് ഇറക്കിയ ഉത്തരവ് ഇതുകൂടി ചേർത്തു പരിഷ്കരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹോസ്റ്റലിൽ രാത്രി ഒമ്പതരയ്ക്കു ശേഷം പ്രവേശനം നിഷേധിക്കുന്ന ഉത്തരവിനെതിരെ വിവിധ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്. ഉത്തരവ് നടപ്പാക്കിയത് അറിയിക്കാൻ ഹർജികൾ ജനുവരി 31നു വീണ്ടും പരിഗണിക്കും.
ഹർജിക്കാരെ കോടതി അഭിനന്ദിച്ചു. കാലത്തിനു മുമ്പേയുള്ള ശബ്ദമാണ് കേട്ടത്. സ്വതന്ത്ര ചിന്താഗതികളുള്ള ഒരുകൂട്ടം വിദ്യാർത്ഥിനികളാണ് ഹർജിക്കു പിന്നിൽ. പുരുഷ നിയന്ത്രിതമായ സാഹചര്യങ്ങളെയാണ് അവർ എതിർക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ ഹർജി സഹായകമായി.
സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ കോളേജുകളിൽ യു.ജി.സി നിർദ്ദേശ പ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി രണ്ടു മാസത്തിനകം രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു. ലിംഗ സമത്വം ഉറപ്പാക്കാനുള്ള യു.ജി.സി നിർദ്ദേശങ്ങളും നടപ്പാക്കണം. ഹോസ്റ്റലിൽ ലൈബ്രറി, റിക്രിയേഷൻ തുടങ്ങിയ സൗകര്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പലിനെയോ തുടർന്ന് ആരോഗ്യ സർവകലാശാലയെയോ സമീപിക്കാമെന്നും വ്യക്തമാക്കി.
അതേസമയം, ഹോസ്റ്റൽ പ്രവേശനത്തിനുള്ള ഇളവ് എൻജിനിയറിംഗ് കോളേജുകൾക്കും വേണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ഈ വിഷയം ജനുവരി പത്തിന് പരിഗണിക്കും.
ഏതു നേരവും തുറന്നിടണമെന്ന്
അഭിപ്രായമില്ല: ഹൈക്കോടതി
ഹോസ്റ്റലുകൾ ഏതു നേരവും തുറന്നിടണമെന്ന വാദത്തോടു യോജിപ്പില്ലെന്നും അങ്ങനെയാകണമെങ്കിൽ സമൂഹം മാറണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ രാത്രി വിലക്കിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് പരാമർശം. യാതൊരു നിയന്ത്രണവുമില്ലാത്ത കാമ്പസ് എന്ന നിലയിലേക്ക് നാം എത്തിയിട്ടില്ല. മൗലികാവകാശങ്ങൾക്കു പോലും നിയന്ത്രണമുണ്ട്. ഹോസ്റ്റലുകളിൽ അടിസ്ഥാന അച്ചടക്കം ബാധകമാണെന്ന് ആരോഗ്യ സർവകലാശാല വാദിക്കുന്നു. ഇതിൽ സംശയമില്ല.
സർക്കാരിന്റെ പുതിയ ഉത്തരവ് ഹർജിക്കാരുടെ ആശങ്ക വലിയൊരളവു വരെ പരിഹരിക്കുന്നതാണ്. കാലം മാറുന്നതിനനുസരിച്ച് കൂടുതൽ ഇളവുകളുണ്ടാകും. പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏതുസമയവും പുറത്തിറങ്ങാൻ കഴിയുന്ന മാതൃകാപരമായ സാഹചര്യം ഉണ്ടാകണം. നമ്മുടെ നാട് അത്ര പുരോഗമിച്ചിട്ടില്ല. സുരക്ഷയടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. പതിനെട്ടു കഴിഞ്ഞാലും മക്കളെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക തള്ളിക്കളയാനാവില്ല. നമ്മുടെ പൊതുയിടങ്ങളും തെരുവുകളും വഴികളും രാത്രിയും പകലുമെന്ന ഭേദമില്ലാതെ ഇവർക്ക് സുരക്ഷിതരായി ഇറങ്ങി നടക്കാൻ പര്യാപ്തമാകണം.