കൊച്ചി: നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (കെ.എം.ടി.എ ) നടപടി ആരംഭിക്കും. പാർക്കിംഗ് സംവിധാനങ്ങളും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കാൻ മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.എം.ടി.എ യോഗം തീരുമാനിച്ചു.

കൊച്ചി സ്മാർട്ട് സിറ്റി മിഷൻ നവീകരിച്ച എബ്രഹാം മടമാക്കൽ റോഡ്, ഷണ്മുഖം റോഡ്, ബാനർജി റോഡ്, ഡർബാർ ഹാൾ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കും. സൈലന്റ് സോണുകളിലും ആവശ്യമായ സ്ഥലങ്ങളിലും ട്രാഫിക് ബോർഡുകൾ സ്ഥാപിക്കും. റോഡുകളിലെ പാർക്കിംഗ് കർശനമായി പരിമിതപ്പെടുത്തും. ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിംഗ് അനുവദിക്കില്ല. പാർക്കിംഗുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥരടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മേയർ പറഞ്ഞു. കെ.എം.ടി.എ കൺസൾട്ടന്റ് ഹരി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നിർവഹണ ചുമതല സി.എസ്.എം.എല്ലിനാണ്.

* മേയർക്ക് കൂടുതൽ ചുമതല

കെ.എം.ടി.എ പ്രവർത്തനം സജീവമാക്കാൻ ചെയർമാനായ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു കഴിഞ്ഞ ബോർഡ് യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരത്തുനിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈചുമതല കൂടി മേയറെ ഏല്പിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ മേയറുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, സ്മാർട്ട് സിറ്റി സി.ഇ.ഒ എസ്. ഷാനവാസ്, റവന്യൂ, പൊലീസ്, ആർ.ടി.ഒ, കെ.എം.ആർ.എൽ, സംസ്ഥാന ജല അതോറിറ്റി, കെ.എസ്.ആർ.ടി.സി എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. ഗതാഗത സംവിധാനങ്ങളുടെ ഏകോപനമാണ് കെ.എം.ടി.എയുടെ ലക്ഷ്യം.

* യാത്രി ആപ് കാര്യക്ഷമമാക്കും

യാത്രി ആപ്പ് മെച്ചപ്പെടുത്താൻ യോഗം തീരുമാനിച്ചു. കെ.എം.ആർ.എൽ, ഓട്ടോ, ബസ് എന്നിവയ്ക്കെല്ലാം സ്വന്തം ആപ്പുണ്ട്. ഇവയെല്ലാം തമ്മിൽ യോജിപ്പിച്ച് യാത്രി ആപ് രൂപീകരിച്ചിരുന്നു. നിലവിലുള്ള യാത്രാമാർഗങ്ങൾ, സമയം, ഏതെല്ലാം വഴികളിലൂടെ ഒരു നിശ്ചിത സ്ഥലത്തേക്ക് എത്താൻ കഴിയും തുടങ്ങിയ വിവരങ്ങൾ യാത്രക്കാർക്ക് നൽകാൻ കഴിയുന്ന ആപ്പാണ് യാത്രി. വ്യത്യസ്ത ഗതാഗത സംവിധാനങ്ങളാണ് കൊച്ചിയിലുള്ളത്. ഇവയെല്ലാം വ്യത്യസ്ത വകുപ്പുകളുടെ കീഴിലാണ്.

..........................................

കെ.എസ്.ആർ.ടി.സി, വാട്ടർ ട്രാൻസ്‌പോർട്ട്, കൊച്ചി മെട്രോ, സ്വകാര്യ ബസ് സംവിധാനങ്ങൾ, ഓട്ടോറിക്ഷ, ടാക്‌സി ഇവയെല്ലാം ഒരുകുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

എം. അനി​ൽകുമാർ, മേയർ