 
നെടുമ്പാശേരി: ചരക്കുലോറി ഇടിച്ച് യുവാവ് മരിച്ച കേസിൽ, നിറുത്താതെ പോയ വാഹനവും ഡ്രൈവറെയും ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടി. ഡ്രൈവർ ബീഹാർ സ്വദേശി രോഹിത് കുമാർ മഹാതോ (31) യെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
മേയ് 24 ന് രാത്രി 1.30 ന് നെടുമ്പാശേരി അത്താണിയിലാണ് ബൈക്ക് യാത്രികൻ കരുമാലൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി ഉദയ് കുമാറിനെ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ച് തെറിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിലായി ആയിരത്തിലധികം സി.സി ടി.വി കാമറകൾ പരിശോധിച്ചു. ഒടുവിൽ അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നാണ് വാഹനവും ഡ്രൈവറും പിടിയിലായത്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐ ആർ. ജയപ്രസാദ്, എ.എസ്.ഐ ബിജേഷ്, എസ്.സി.പി.ഒ റോണി അഗസ്റ്റിൻ, സി.പി.ഒ എൻ.ജി. ജിസ്‌മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.