11
കാക്കനാട് കുന്നുംപുറത്ത് വനിതാ വികസന കോർപറേഷൻ പുതുതായി ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനംമന്ത്രി വീണാ ജോർജ് നിവഹിക്കുന്നു

തൃക്കാക്കര: സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നത് വനിതാ ശാക്‌തീകരണത്തിൽ പ്രധാനമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാക്കനാട് കുന്നുംപുറത്ത് വനിതാ വികസന കോർപറേഷൻ പുതുതായി ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തൊഴിൽ ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് മാറിനിൽക്കുന്ന ഓരോ സ്ത്രീക്കും സുരക്ഷിത താമസവും യാത്ര സൗകര്യവുമൊരുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള സുരക്ഷിത താമസ സ്ഥലമെന്ന സുപ്രധാന ചുവടുവയ്പ്പാണ് വനിതാ മിത്ര കേന്ദ്രങ്ങളിലൂടെ വനിതാ വികസന കോർപറേഷൻ ലക്ഷ്യമിടുന്നത്. ജോലി ചെയ്യുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ ഒപ്പം നിർത്താനുള്ള സൗകര്യവും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ റാഷിദ്‌ ഉള്ളമ്പള്ളി, വനിതാ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി.സി ബിന്ദു, റീജിയണൽ മാനേജർ എം.ആർ രംഗൻ, ഡയറക്ടർമാരായ ടി.വി അനിത, പെണ്ണമ്മ തോമസ്, ആർ.ഗിരിജ, എം.ഡി. ഗ്രേസ്, ഷീബ ലിയോൺ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ്‌ ശങ്കർ, കെൽ ജനറൽ മാനേജർ ഇ.വി ഇന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.