പറവൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വെടിമറ കവലയ്ക്ക് സമീപത്താണ് അപകടം. ജർമ്മൻ സ്വദേശിയും മലയാളിയായ ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. പറവൂരിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഉടൻ തന്നെ കാർ നിർത്തി ഇറങ്ങിയതിനാൽ ഇരുവരും രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണമായും കത്തിയിട്ടുണ്ട്. അഗ്നിശമന സേനയെത്തി തീ അണച്ചു. ജർമ്മൻ പൗരനും ഭാര്യയും ഏറെ നാളായി വലിയപഴമ്പിള്ളിതുരുത്തിലാണ് താമസം.