
ആലുവ: കുട്ടമശേരി ചാലക്കൽ തുമ്പിച്ചാൽ - വട്ടച്ചാൽ പാടശേഖരത്തിലെ നെൽക്കൃഷി സംരക്ഷണത്തിന് ഹൈടെക് പരീക്ഷണങ്ങളുമായി യുവകർഷകർ. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികളാണ് നാട്ടുകാർക്ക് കൗതുകമാകുന്നത്. കീടങ്ങളെ തുരുത്താൻ ഡ്രോൺ ഉപയോഗിച്ചാണ് മരുന്ന് തളിക്കുന്നത്.
രണ്ടര പതിറ്റാണ്ടിലധികമായി തരിശായി കിടന്ന കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാൽ - വട്ടച്ചാൽ പാടശേഖരത്തിലെ 26 ഏക്കറിലാണ് കുട്ടമശരി സൂര്യ പുരുഷ സ്വയം സഹായ സംഘം ഇക്കുറി നെൽക്കൃഷിയിറക്കിയത്. ഒരു മാസം മുമ്പാണ് ഞാറുകൾ നട്ടത്. കൃഷിയിൽ കീടങ്ങൾ അധികരിക്കുകയും കുള വാഴകൾ വളരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആളെ ഉപയോഗിച്ചു മരുന്ന് തളിക്കാൻ തീരുമാനിച്ചെങ്കിലും ചിലയിടങ്ങളിലെ പാടത്തിന്റെ താഴ്ചയും സമയലാഭവും കണക്കിലെടുത്താണ് ട്രോണിലേക്ക് മാറിയത്. രണ്ടുദിവസത്തിനകം ലക്ഷ്യം പൂർത്തീകരിക്കാനായെന്ന് കർഷകൻ അസീസ് പറഞ്ഞു. രണ്ടാഴ്ചയിലധികം സമയം എടുക്കേണ്ട പണിയാണ് രണ്ടുദിവസം കൊണ്ട് പൂർത്തിയാക്കിയത്.
രണ്ടാഴ്ച മുമ്പ് പെയ്ത കനത്ത മഴയിൽ കൃഷി വെള്ളത്തിൽ മുങ്ങിയതോടെ കർഷകർ ഭീതിയിലായിരുന്നു. ചെറിയ നാശങ്ങൾ ഉണ്ടായെങ്കിലും ഞാറുകൾ പൊട്ടി വീണ്ടും കിളിർക്കാൻ തുടങ്ങിയത് ആശ്വാസമായി.