managala-vanam

കൊച്ചി: സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം മംഗളവനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർസോണായി പ്രഖ്യാപിച്ചാൽ കൊച്ചി നഗരസഭയുടെ സിംഹഭാഗവും പരിസ്ഥിതി ദുർബല മേഖലയാകും. കഴിഞ്ഞ 12ന് വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടം അനുസരിച്ച് മംഗളവനത്തിന്റെ വടക്ക് ശ്രീധർ തിയേറ്റർ വരെയും കിഴക്ക് കച്ചേരിപ്പടി, വടക്ക് അയ്യപ്പൻകാവ്, പടിഞ്ഞാറ് മുളുവുകാട് പഞ്ചായത്തിന്റെ ഏതാനും പ്രദേശങ്ങൾ വരെയുമുള്ള വിശാലമായ ഭൂപ്രദേശം ബഫർസോണിൽ വരും.

കേരള ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, കേരള ജുഡീഷ്യൽ അക്കാഡമി, ഫിഷറീസ് കോംപ്ലക്സ്, അബാദ് മറൈൻ പ്ലാസ, ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ, എക്സൈസ് ഡിവിഷൻ ഓഫീസ്, എ.ആർ. ക്യാമ്പ്, സെൻട്രൽ പൊലീസ് സ്റ്റേഷൻ, സബ് ജയിൽ, ട്രാഫിക് വെസ്റ്റ് പൊലീസ് സ്റ്റേഷൻ, ബ്രോഡ്‌വേ മാർക്കറ്റ്, മേനകയിലെ മഴവിൽപ്പാലം പാലം, എലിസബത്ത് അലക്സാണ്ടർ മെമ്മോറിയൽ ബിൽഡിംഗ്, ബാങ്ക് ഒഫ് ഇന്ത്യ, ജി.സി.ഡി.എ കോംപ്ലക്സ്, എം.ജി. റോഡിലെ ജോസ്കോ ജ്വല്ലറി, സെന്റ് ജോസഫ് ബി.എഡ്. കോളേജ്, സെന്റ് ആൽബ‌ർട്സ് കോളേജ്, അയ്യപ്പൻകാവ് കാനറ ബാങ്ക് തുടങ്ങി നൂറുകണക്ക് സർക്കാർ പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളും കെട്ടിടസമുച്ചയങ്ങളും മുളവുകാട് ഗ്രാമപഞ്ചായത്തിലെ 31, 273 മുതൽ 303 വരെ സർവേ നമ്പരിലുള്ള സ്ഥലങ്ങളും ബഫർസോണിൽ ഉൾപ്പെടും.

ഇതിന് പുറമേ കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച കരട് ഭൂപടത്തിൽ പഴയ റെയൽവേ സ്റ്റേഷൻ, മുതിരേന്തി ഹൗസ്, മത്തിക്കട എന്നിവ മാത്രമാണ് ബഫർസോണിൽ രേഖപ്പെടുത്തിയത്. ഇത് സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനുള്ള കരട് ഭൂപടമാണെന്നും അതായിരിക്കും അന്തിമമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

12ന് വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടം റദ്ദാക്കിയിട്ടില്ല. അതിൽ വിട്ടുപോയ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൂട്ടിച്ചേർക്കാൻ ജനുവരി 7 വരെ സമയവും അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ ഏത് കണക്കിലെടുക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.