
കൊച്ചി: കേരളത്തിലെ നിയമ കലാലയങ്ങളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയിൽ ക്ലാറ്റ് 2022 (കോമൺ ലാ അഡ്മിഷൻ ടെസ്റ്റ്) അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിനോദിനിക്ക് മികച്ച വിജയം. എസ്.ടി വിഭാഗത്തിൽ അഖിലേന്ത്യ തലത്തിൽ അഞ്ഞൂറിൽ താഴെ റാങ്ക് കരസ്ഥമാക്കിയാണ് ഈ മിടുക്കി തിരുവനന്തപുരം ഗവ. ലാ കോളേജിൽ പ്രവേശനം നേടിയത്. അട്ടപ്പാടി പുതൂർ ചാവടിയൂർ മേലേമുളി വീട്ടിൽ വിധിയാന്റെ മകളാണ്.
കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിലുള്ള നിയമപഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ല ലീഗൽ സർവീസ് അതോറിട്ടിയുടെയും പട്ടികവർഗ വകുപ്പിന്റെയും സഹകരണത്തോടെ അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടത്തിയ പരിശീലന ക്ളാസിലെ വിദ്യാർത്ഥിനിയായിരുന്നു വിനോദിനി. കേന്ദ്രസർവകലാശാലയുടെ തിരുവല്ല നിയമപഠന വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അട്ടപ്പാടിയിൽ താമസിച്ചാണ് ക്ളാസെടുത്തത്.
പാലക്കാട് ജില്ലയിലെ വിവിധ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർത്ഥികളാണ് ഇവിടെ പരിശീലനം നേടിയത്.
സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡീൻ ഡോ.ജയശങ്കർകെ.ഐ, നിയമപഠന വിഭാഗം മേധാവി ഡോ.ജെ. ഗിരീഷ്കുമാർ,അഭിഭാഷകരും നിയമ ഗവേഷകരുമായ വിശ്രുത് രവീന്ദ്രൻ, അമൃത റഹിം, ശ്രീദേവി,നിയമപഠന വിഭാഗം വിദ്യാർത്ഥികൾ എന്നിവരാണ് ക്ളാസെടുത്തിരുന്നത്. മുൻ വർഷങ്ങളിൽ കേന്ദ്രസർവകലാശാലയുടെ നേതൃത്വത്തിൽ നൽകിയ പരിശീലനത്തിന്റെ ഫലമായി വയനാട് ജില്ലയിലെ അഞ്ച് ആദിവാസി വിദ്യാർത്ഥികൾ ക്ലാറ്റ് പരീക്ഷ വിജയിച്ചിരുന്നു.