കുറുപ്പംപടി : മൃഗസംരക്ഷണ വകുപ്പിന്റെ ഗോവർദ്ധിനി 2022-23 കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി രായമംഗലം പഞ്ചായത്തിൽ ആരംഭിച്ചു. കന്നുകുട്ടി ജനന രജിസ്റ്ററിൽ പേര് ചേർത്തിട്ടുള്ളതും 4 മുതൽ 6 മാസം പ്രായമുള്ളതുമായ സങ്കരയിനത്തിൽപ്പെട്ട 100 പശുകുട്ടികൾക്കാണ് തീറ്റ ലഭ്യമാക്കുക. പദ്ധതിയിൽ അംഗമായ എല്ലാ പശുക്കൾക്കും 32 മാസത്തെ ഇൻഷുറൻസും ഉണ്ടായിരിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ. സന്ധ്യ ജി.നായർ ഗുണഭോക്താക്കൾക്ക് പരിശീലനം നൽകി. പ്രൊജക്ട് ഓഫീസർ ഡോ. കെ.എം.വിജിമോൾ,
വാർഡ് അംഗം ജോയ് പൂണുലി, പുല്ലുവഴി മിൽമ സംഘം പ്രസിഡന്റ് എൻ.സി. തോമസ് എന്നിവർ സംസാരിച്ചു. കർഷകർക്ക് കാലത്തീറ്റ വിതരണവും നടത്തി.