കൊച്ചി: പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടിൽ ഹരിദാസിന് (54) എറണാകുളം പോക്സോ കോടതി പത്തു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2019 ജനുവരിയിലാണ് സംഭവം. രാവിലെ സ്കൂളിൽ പോകാൻ ബസ് കാത്തു നിന്ന വിദ്യാർത്ഥിയെ സ്കൂളിൽ കൊണ്ടു വിടാമെന്ന് പറഞ്ഞു പ്രതി തന്റെ ബൈക്കിൽ കയറ്റിയെന്നും ബൈക്കിൽ വച്ചു തന്നെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്നുമാണ് കേസ്. വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഒച്ചവെച്ചതിനാൽ ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ട് കടന്നു കളഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥി പിന്നീട് വീട്ടുകാരോടു പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.