
കൊച്ചി: കേരള സർവകലാശാലാ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഒരു മാസത്തിനകം സെനറ്റ് പ്രതിനിധിയെ നിയോഗിക്കണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
ഒരു മാസത്തിനകം സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ യു.ജി.സി ചട്ടവും സർവകലാശാലാ നിയമവും അനുസരിച്ച് ചാൻസലർക്ക് നടപടികൾ സ്വീകരിക്കാമെന്നും സിംഗിൾബെഞ്ച് പറഞ്ഞിരുന്നു. ഇതിനെതിരെ സെനറ്റ് അംഗങ്ങളായ എ. വിഷ്‌ണു, ഡോ. എൻ. പ്രമോദ് എന്നിവരടക്കമുള്ളവർ നൽകിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്. അപ്പീലുകൾ ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി.
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നോമിനേറ്റ് ചെയ്യുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം എസ്. ജയറാം നൽകിയ ഹർജിയിലാണ് ഒരുമാസത്തിനകം സെനറ്റ് പ്രതിനിധിയെ നോമിനേറ്റ് ചെയ്യാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിക്ക് ചാൻസലർ രൂപം നൽകണമെന്ന് യു.ജിസി ചട്ടത്തിൽ പറയുന്നില്ലെന്ന അപ്പീലിലെ വാദം കണക്കിലെടുത്താണ് സ്റ്റേ അനുവദിച്ചത്. യു.ജി.സിയുടെ 2018 ലെ ചട്ടപ്രകാരം സെർച്ച് കമ്മിറ്റിയിലേക്ക് യു.ജി.സിയുടെ പ്രതിനിധി വേണമെന്നേ പറയുന്നുള്ളൂ. എന്നാൽ സർവകലാശാല നിയമനത്തിൽ ചാൻസലറുടെയും യു.ജി.സിയുടെയും സെനറ്റിന്റെയും പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിൽ വേണമെന്നും സമിതി ഏകകണ്ഠമായി നിർദ്ദേശിക്കുന്നയാളെ വി.സിയായി ചാൻസലർ നിയമിക്കണമെന്നും പറയുന്നുണ്ട്. സർവകലാശാലാ നിയമവും യു.ജി.സി നിയമവും തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ യു.ജി.സി നിയമമാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചാൻസലർക്ക് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെയോ കൺവീനറെയോ നിയമിക്കാനോ സെർച്ച് കമ്മിറ്റിക്ക് രൂപം നൽകാനോ അധികാരമില്ലെന്നും സെർച്ച് കമ്മിറ്റിയുടെ ശുപാർശ പ്രകാരം വി.സിയുടെ നിയമനം നടത്തുക മാത്രമാണ് അധികാരമെന്നും അപ്പീലിൽ പറയുന്നു.
സാങ്കേതിക സർവകലാശാലാ വി.സി നിയമനവുമായി ബന്ധപ്പെട്ട അപ്പീലിനു സമാനമായ വിഷയമാണിതെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സാങ്കേതിക സർവകലാശാല വി.സിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറും യു.ജി.സിയും സർവകലാശാലയും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പ്രതിനിധികളെ നോമിനേറ്റ് ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ സ്റ്റേ ചെയ്തിരുന്നു.