
കൊച്ചി: കേരളത്തിലെ നവോത്ഥാന മുന്നേറ്റം ബഹുദൂരം പിന്നോട്ട് നടക്കുകയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീർത്ഥാടന വിളംബര പദയാത്രയുടെ സമാപനസമ്മേളനം പൂത്തോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി തുടങ്ങിയവർ ബഹുദൂരം മുന്നിലെത്തിച്ചതാണ് കേരളീയ സമൂഹത്തെ. ഇവരുടെ പരിശ്രമങ്ങൾ പാഴാകുന്ന കാര്യങ്ങളാണ് ദൃശ്യമാകുന്നത്. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും വ്യവസായവും കൃഷിയും കൊണ്ട് അഭിവൃദ്ധി നേടാനും ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരുദേവൻ മുന്നോട്ടുവച്ച ആശയങ്ങൾ നാം കൈവിടരുത്. ഈഴവരല്ലാതെ മറ്റാരെയും ശിവഗിരി തീർത്ഥാടനത്തിലേക്ക് എത്തിക്കാൻ കഴിയാത്തത് നമ്മുടെ പരാജയമാണ്. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.