
കൊച്ചി: കടൽസഞ്ചാരികൾക്ക് വഴികാട്ടിയും ചരിത്രത്തിന്റെയും കപ്പലോട്ട പാരമ്പര്യത്തിന്റെയും സൂചകങ്ങളുമായ സംസ്ഥാനത്തെ 10 ലൈറ്റ് ഹൗസുകൾ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന പദ്ധതിക്ക് താത്പര്യപത്രം സമർപ്പിച്ചത് 11 സംരംഭകർ. ലൈറ്റ്ഹൗസുകളുടെ പൈതൃകം സംരക്ഷിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതാണ് പദ്ധതി. രാജ്യത്തെ 65 ലൈറ്റ് ഹൗസുകൾ ടൂറിസം കേന്ദ്രങ്ങളാക്കാൻ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണിത്. പൊതു, സ്വകാര്യ പങ്കാളിത്ത (പി.പി.പി) രീതിയിലാണ് നടപ്പാക്കുന്നത്.
തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ച പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാൽ രണ്ടുവർഷംകൊണ്ട് സജ്ജമാകും. താത്പര്യപത്രം സമർപ്പിച്ചതിൽ നാലു സംരംഭകർ കേരളം ആസ്ഥാനമായതാണ്. മറ്റുള്ളവ ഗുജറാത്ത്, കർണാടകം, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിലേതും. ചില ലൈറ്റ് ഹൗസുകൾക്കുവേണ്ടി ഒന്നിലേറെപേർ താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ തുക ക്വാട്ട് ചെയ്യുന്നവർക്ക് കരാർ നൽകും.
ലൈറ്റ് ഹൗസുകളുടെ തീരദേശ നിയന്ത്രണമേഖല (സി.ആർ.ഇസഡ്) മാപ്പിംഗ് പൂർത്തിയായി. ആറുലൈറ്റ് ഹൗസുകൾക്ക് അനുമതി ലഭിച്ചു. നോ ഡെവലപ്‌മെന്റ് സോണിൽ (എൻ.ഡി.ഇസഡ്) വരുന്ന നാലിടത്ത് സ്ഥിരമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ല. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ നിർമ്മാണക്കരാർ നൽകും. നടത്തിപ്പ് ചുമതല നിശ്ചിതകാലത്തേക്കാണ് സംരംഭകർക്ക് നൽകുക. പ്രവേശനഫീസിൽ നിശ്ചിതവിഹിതം കേന്ദ്രത്തിന് നൽകണം.
10 ലൈറ്റ് ഹൗസുകൾ
കണ്ണൂർ, പൊന്നാനി (മലപ്പുറം), ചേറ്റുവ (തൃശൂർ), വൈപ്പിൻ (എറണാകുളം), ആലപ്പുഴ, മനക്കോടം (ആലപ്പുഴ), വലിയഴീക്കൽ (ആലപ്പുഴ), തങ്കശേരി (കൊല്ലം), അഞ്ചുതെങ്ങ് (തിരുവനന്തപുരം), വിഴിഞ്ഞം (തിരുവനന്തപുരം)
'' കപ്പലോട്ടത്തിൽ നാലായിരം വർഷത്തെ പൈതൃകമുള്ള ഇന്ത്യയിലേയ്ക്ക് വിദേശസഞ്ചാരികളെ ആകർഷിക്കാൻ ലൈറ്റ്ഹൗസ് ടൂറിസം സഹായിക്കും.
ഐ.സി.ആർ. പ്രസാദ്,
ലൈറ്റ് ഹൗസ് ചരിത്രകാരൻ