
പെരുമ്പാവൂർ : മോശമായ അവസ്ഥയിലുള്ള ഒക്കൽ പഞ്ചായത്തിലെ 11-ാം വാർഡിലെ 30 -ാം നമ്പർ അങ്കണവാടി റോഡ് നവീകരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 300 മീറ്റർ നീളമുള്ള റോഡാണിത്. 3 മീറ്റർ വീതിയിൽ കോൺക്രീറ്റ് അല്ലെങ്കിൽ ടൈൽ പാകിയാണ് റോഡ് നവീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനിയർക്ക് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എം.എൽ.എ നിർദ്ദേശം നൽകി.
എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞാൽ പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കും. 80 കുട്ടികൾ പഠിക്കുന്ന അങ്കണവാടി ഉൾപ്പെടെ നിരവധി ആളുകൾ ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സ്ഥലം സന്ദർശിച്ചു റോഡിന്റെ പ്രാധാന്യം വിലയിരുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പളളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.ജെ ബാബു, വാർഡ് അംഗം ലിസി ജോണി, പഞ്ചായത്ത് അംഗങ്ങളായ ഷിയാസ് കെ.എം, എൻ.ഒ സൈജൻ, രാജേഷ് മാധവൻ, ടി.ആർ. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയർ ഷിജി ജോസ് എന്നിവർ എം.എൽ.എ. യോടൊപ്പം സ്ഥലം സന്ദർശിക്കുവാൻ എത്തിയിരുന്നു.