കൊച്ചി: കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭയിൽ ഭിന്നതയോ പ്രതിസന്ധിയോ സംഘർഷമോ ഇല്ലെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരുവിഭാഗം ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പ്രശ്നങ്ങളുണ്ടാക്കുന്ന ആരെയും പുറത്താക്കി താത്കാലികമായ സമാധാനം സഭയിലുണ്ടാക്കില്ല. എതിർക്കുന്നവരെയും പ്രകോപനം സൃഷ്ടിക്കുന്നവരെയും അക്രമം കാണിക്കുന്നവരെയുംപോലും ഉൾക്കൊണ്ട് പൂർണമായ സമാധാനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിന് സാവകാശവും കാലതാമസവുമുണ്ടാകും. സഭയുടെ 35 രൂപതകളിൽ ഒരിടത്തുമാത്രമാണ് പ്രശ്നങ്ങൾ. ഒരുവിഭാഗം വൈദികരും വിശ്വാസികളും സംഘർഷാത്മകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. എറണാകുളം അതിരൂപതയിലെ പ്രശ്നങ്ങൾ പുതിയതല്ല. 40 വർഷത്തെ അച്ചടക്ക ലംഘനത്തിന്റെ മൂർദ്ധന്യാവസ്ഥയാണിപ്പോൾ. ക്രൈസ്തവ മനസോടെ തിരുത്തലുകൾക്ക് എല്ലാവരും തയ്യാറാകണം.