covid

കൊച്ചി: സ്‌റ്റോക്ക് ഇല്ലാത്തതിനാൽ വാക്‌സിൻ ഈ ആശുപത്രിയിൽ ലഭ്യമല്ല...! എറണാകുളം ജനറൽ ആശുപത്രിയിലെ ബോർഡാണിത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ കൊവിഡ് കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്തും ജാഗ്രത തുടരണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. വാക്‌സിനെടുക്കാത്തവരും രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരും എത്രയും വേഗം അതെടുക്കണമെന്നും സർക്കാർ നിർദേശമുണ്ട്.

അങ്ങനെയിരിക്കെയാണ് മെട്രോ നഗരമായ കൊച്ചിയിലെ ആയിരങ്ങളെത്തുന്ന ജനറൽ ആശുപത്രിയിൽ വാക്‌സിൻ ഇല്ലാ ബോർഡ്. ഇന്നലെ വാക്‌സിൻ എടുക്കാൻ ചെന്നയാളുടെ അനുഭവമിങ്ങനെ: "ചീട്ട് എടുക്കുന്നിടത്ത് ചെന്നപ്പോ പാലിയേറ്റീവ് കെയറിലാണ് വാക്‌സിൻ എന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ വാക്‌സിൻ ഇല്ല എന്ന ബോർഡ്. വീണ്ടും അന്വേഷിച്ചപ്പോൾ സൂപ്രണ്ട് ഓഫീസിലേക്ക് വിട്ടു. പുതിയ ബ്ലോക്കിലെന്നായിരുന്നു അവിടുത്തെ മറുപടി. പുതിയ ബ്ലോക്കിൽ ചെന്നപ്പോഴാണ് അവിടെയുള്ളത് കൊവിഡ് വാക്‌സിനല്ല റാബിസ് വാക്‌സിൻ ആണെന്ന് അറിയുന്നത്." വാക്‌സിൻ എടുക്കാൻ ചെല്ലുന്നവർ അക്ഷരാർത്ഥത്തിൽ ഇപ്പോൾ നട്ടം തിരിയുകകയാണ്.

ആകെയുള്ളത് 3,000ൽ താഴെ, എക്‌സ്പയറി 31വരെ
ജില്ലയിൽ ആകെ സ്‌റ്റോക്കുള്ളത് പല ബ്രാൻഡുകളിലായി 3,000ഡോസ് വാക്‌സിൻ മാത്രം. ഇവയുടെ കാലാവധി 31ന് തീരുകയും ചെയ്യും. ഇനി വാക്‌സിൻ എത്തുമോ, എത്ര ഡോസ് വേണ്ടവരും എന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ കണക്കില്ല. ഇടപ്പള്ളിയിൽ ലക്ഷങ്ങൾ മുടക്കി കൊവിഡ് കാലത്ത് പണി തീർത്ത മേഖലാ വാക്‌സിൻ സ്റ്റോറിലും കൊവിഡ് വാക്‌സിൻ സ്‌റ്റോക്കില്ലെന്നാണ് വിവരം. വാക്സിൻ എവിടെയൊക്കെ സ്റ്റോക്കുണ്ടെന്നതിനും കൃത്യമായ പട്ടികയില്ല.


അറിയിപ്പുമില്ല... പരിശോധനയുമില്ല
വാക്സിൻ എടുത്തവരുടെയും എടുക്കാനുള്ളവരുടെയുമെല്ലാം എണ്ണം ആശാ വർക്കർമാർ ഉൾപ്പെടെയുള്ളവർ വഴി പ്രാദേശികമായി ശേഖരിച്ചിരുന്നു. ഇവർക്ക് വാക്‌സിനേഷനുള്ള ക്രമീകരണങ്ങളും നിർദേശങ്ങളും തദ്ദേശ സ്ഥാപനങ്ങൾ വഴി ചെയ്തു നൽകി. അവയെല്ലാം മാർച്ച്- ഏപ്രിൽ മാസങ്ങളോടെ നിലച്ചു.


ഡാറ്റാ എൻട്രിയില്ല
വാക്സിൻ എടുക്കുന്നവരുടെ പട്ടിക തയാറാക്കുന്നത് മേയിൽ അവസാനിച്ചു. പ്രായം തിരിച്ച് ഓരോ ഡോസ് വാക്സിൻ എടുക്കുന്നവരുടെയും എണ്ണം, ശതമാനം, ബാക്കിയുള്ളവർ എന്നിങ്ങനെ കൃത്യമായി തയാറാക്കിയിരുന്ന പട്ടിക ഇപ്പോൾ അധികൃതരുടെ പക്കലില്ലെന്നാണ് വിവരം.


ഏപ്രിൽ അവസാനം വരെ വാക്‌സിൻ സ്വീകരിച്ചവർ

(പ്രായം, ഒന്നാംഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്ന കണക്കിൽ)

60ന് മുകളിൽ- 6,76,065 - 6,19,471 - 94,142

45-60 - 7,83,400 - 7,00,952 - 3,391

18-44- 15,08,180 - 12,16,900 - 5,90

15-17- 1,10,623 - 73,437 - 0

12-14 7,279 - 57 - 0

ആരോഗ്യ-
മുൻഗണനാ
വിഭാഗം 1,40,500 - 1,66,072 - 46,831

ആകെ- 32,26,047 - 27,36,889 - 1,44,954

ഒന്നാം ഡോസ് - 101.61%


രണ്ടാം ഡോസ് - 86.20%


ബൂസ്റ്റർ ഡോസ്- 4.49%


സ്‌റ്റോക്കുള്ള വാക്‌സിൻ ഡോസുകളുടെ എക്‌സ്പയറി ഡേറ്റ് ഈ മാസം 31ന് തീരും.
ഡോ. ശിവദാസ്
വാക്‌സിനേഷൻ നോഡൽ ഓഫീസർ
എറണാകുളം